വാസ്തു വിദഗ്ധനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുവാൻ മാത്രം അറിവുള്ള ഒരു വാസ്തു വിദഗ്ധന്റെ സേവനം മാത്രമേ സ്വീകരിക്കാവൂ

സ്വന്തമായി ഒരു വീട് നമ്മൾ ഏവരുടേയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ തീരുമാനിക്കുമ്പോൾ നമ്മൾ പണിയുവാൻ തീരുമാനിച്ച വീട് സ്ഥിതിചെയ്യുന്ന ഭൂമിയെ പറ്റിയും, വീടിനെ പറ്റിയും വാസ്തു ശാസ്ത്രപരമായ അറിവുകൾ നാം ആർജ്ജിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മൾ നിർമ്മിക്കുന്ന പ്രിയപ്പെട്ട ഭവനം നമുക്ക് തന്നെ ദോഷകരമായിത്തീരും.

ഭാരതത്തിന്റെ പാരമ്പര്യ ശാസ്ത്രശാഖകളിലൊന്നാണ് വാസ്തു. ബ്രഹ്മാവിൽ നിന്നും, വിശ്വകർമ്മാവ്, യമൻ എന്നീ ആചാര്യൻമാരിലൂടെ മനുഷ്യകുലത്തിൽ പ്രചാരത്തിലായ വാസ്തു ശാസ്ത്രത്തിന്റെ അടിത്തറ ആത്മീയ ആചാര്യന്മാരുടെ അപാരമായ ജ്ഞാനബോധവും, ഗണിതശാസ്ത്രത്തിന്റെ അനന്ത സാധ്യതകളും കൂട്ടിയിണക്കികൊണ്ടുള്ളതാണ്. ദൈവം മനുഷ്യന്റെ നന്മയ്ക്കും, അഭിവൃദ്ധിയ്ക്കുമായി അറിഞ്ഞു നൽകിയതെന്ന് വിശ്വസിക്കപ്പെടുന്ന വാസ്തു ശാസ്ത്രം ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഗുരുശിഷ്യ ബന്ധത്തിലൂടെ ഭാരതത്തിൽ പ്രചരിച്ചിരുന്നു.

ഇൗ ആധുനിക യുഗത്തിൽ ഒരു ഗൃഹം പണിയുമ്പോൾ മികച്ച വാസ്തുശാസ്ത്രകാരനെ തിരഞ്ഞെടുക്കുമ്പോൾ ചില പ്രധാന കാര്യങ്ങൾ നാം ഒാർമ്മയിൽ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. നാം താമസിച്ചുകൊണ്ടിരിക്കുന്ന ഗൃഹത്തിന്റെ വാസ്തു നോക്കുമ്പോഴും ഇക്കാര്യങ്ങളിൽ ചിലതൊക്കെ ശ്രദ്ധിക്കണം. ഗൃഹനിർമ്മിതിയ്ക്കുള്ള വാസ്തു തിരഞ്ഞെടുക്കുന്നതിനു മുൻപായിതന്നെ വാസ്തു ആചാര്യന്മാരുടെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കണം. ഗൃഹനിർമ്മാണം പൂർത്തിയാകുന്നതുവരെയുള്ള കാര്യങ്ങൾ പൂർണ്ണമായും വാസ്തു വിദഗ്ധന്റെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ. ഉദാഹരണമായി പറയുകയാണെങ്കിൽ, ഒരു ഭവനത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അടുക്കളയുടെ സ്ഥാനം എവിടെയായിരിക്കണം. എന്നതു കൂടാതെ ജനലുകളും, വാതിലുകളും എവിടെയായിരിക്കണം., അടുപ്പുകൾ എവിടെയായിരിക്കണം, അടുക്കള ഉപകരണങ്ങൾ സൂക്ഷിക്കേണ്ടത് എവിടെയാണ്, ഇലക്ട്രിക്ക് സ്വിച്ചുകളുടെ സ്ഥാനം എവിടെയാണ്. തുടങ്ങി എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുവാൻ മാത്രം അറിവുള്ള ഒരു വാസ്തു വിദഗ്ധന്റെ സേവനം മാത്രമേ സ്വീകരിക്കാവൂ. അല്ലാത്തപക്ഷം നിങ്ങളുടെ ഗൃഹം നിങ്ങൾക്കു തന്നെ ദോഷകരമായി ഭവിച്ചേക്കാം.

ഇനി ഒരു മികച്ച വാസ്തു വിദഗ്ധനെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് നോക്കാം. നിങ്ങൾ സമീപിക്കുന്ന വാസ്തു വിദഗ്ധൻ വാസ്തു വിദ്യ പാരമ്പര്യമായി കൈകാര്യം ചെയ്യുന്ന കുടുംബത്തിലെ അംഗമാണോ എന്ന് നോക്കുക. തന്റെ പൂർവ്വികരെപ്പോലെ വൈദ്ധഗ്യം ഉള്ള ആളാണോ എന്ന് അന്വക്ഷിച്ച് മനസ്സിലാക്കുക. സ്കോളർ ആണെങ്കിൽ അയാളുടെ യോഗ്യതകൾ മനസ്സിലാക്കുക. അവ സത്യസന്ധമാണെന്ന് ഉറപ്പിക്കുക. വാസ്തു വിദഗ്ധന്റെ പ്രവർത്തി പരിചയ കാലയളവ് മനസ്സിലാക്കുക. ഏതെങ്കിലും വിധ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുള്ള ആൾ ആണോ എന്ന് അന്വേഷിക്കുക. ദൈവഭക്തിയുള്ള ആൾതന്നെയാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക ദുർവ്യയം വരുത്തുന്ന ആൾ ആണോ എന്ന് അന്വേഷിക്കുക, വസ്തു കണ്ടെത്തുന്നതു മുതൽ ഗൃഹനിർമ്മാണം പൂർത്തീകരണം വരെ സേവനം തരുന്ന ആൾ ആണെന്ന് ഉറപ്പു വരുത്തുക. വാസ്തു വിദഗ്ധൻ തരുന്ന നിർദ്ദേശങ്ങളിൽ ഏതെങ്കിലും കാര്യങ്ങളിൽ വിശ്വസ്തത തോന്നാതിരുന്നാൽ കൂടുതൽ വിശദീകരണം ആവശ്യപ്പെടുക. എന്നിട്ടും സംശയം തോന്നുന്നുവെങ്കിൽ മറ്റൊരു വാസ്തു വിദഗ്ധനിൽ നിന്നും സംശയനിവാരണം നടത്തുക. വാസ്തു വിദഗ്ധനുമായി ഉൗഷ്മളമായ ബഹുമാനപുരസരമായ സ്നേഹബന്ധം നിലനിർത്തുക. വാസ്തു വിദഗ്ധന്റെ സേവനങ്ങൾക്ക് അർഹവും മാന്യവുമായ പ്രതിഫലം നൽകുക. ഗൃഹവാസം തുടങ്ങിയ ശേഷവും ആ ബന്ധം അതേ അളവിൽ നിലനിർത്തുക. എൈശ്വര്യമുള്ള ഒരു നല്ല ഗൃഹം അത് നമ്മുടെ ആയുരാരോഗ്യത്തിനും, അഭിവൃദ്ധിയ്ക്കും ആവശ്യമാണെന്ന് മനസ്സിലാക്കി ഗൃഹത്തെ പരിപാലിക്കുക. എങ്കിൽ തീർച്ചയായും നിങ്ങളുടെ ഗൃഹം നിങ്ങൾക്ക് സർവ്വ എൈശ്വര്യങ്ങളും നൽകും.

Read more... Vastu, Star Signs, Feng Shui