Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹത്തിൽ ശ്രീചക്രത്തിന്റെ പ്രാധാന്യം

Sree Chackra സമ്പത്തും ഐശ്വര്യവും സമൂലം പ്രദാനം ചെയ്യുവാനുള്ള ശക്തി ശ്രീചക്രത്തിനുണ്ട്

ഭവനത്തിലും സ്ഥാപനങ്ങളിലും വച്ച് ആരാധിക്കാവുന്ന ഏറ്റവും വിശിഷ്ട യന്ത്രമാണ് ശ്രീചക്രം. സകലയന്ത്രങ്ങളുടെയും രാജാവായാണ് ശ്രീചക്രം അറിയപ്പെടുന്നത്. ഇതിന് ഒരു കാരണം ഉണ്ട്. സർവ്വ ദേവീദേവന്മാരുടെയും ഉൽഭവവും രക്ഷകർത്തിത്വവും ഉൾക്കൊണ്ടു ആദിപരാശക്തിയായ ശ്രീലളിതാംബികയാണ് ശ്രീചക്രത്തിൽ വസിക്കുന്നത്. അക്കാരണത്താൽ ശ്രീലളിതാംബിക കുടികൊള്ളുന്ന ശ്രീചക്രത്തിൽ സർവ്വ ദേവീദേവന്മാരുടെയും, സർവ്വ യന്ത്രങ്ങളുടെയും ഗുണങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ് വിശ്വാസം. സമ്പത്തും ഐശ്വര്യവും സമൂലം പ്രദാനം ചെയ്യുവാനുള്ള ശക്തി ശ്രീചക്രത്തിനുണ്ട്.

മധ്യത്തിലുള്ള ബിന്ദു ഉൾപ്പെടെ ഒൻപതു ചക്രങ്ങളാണ് ശ്രീചക്രത്തിനുള്ളത്. ത്രൈലോക്യമോഹനം, സർവ്വാശാപരിപൂരകം, സർവ്വസംക്ഷോഭണം, സർവ്വസൗഭാഗ്യദായകം, സർവ്വാർത്ഥസാധകം, സർവ്വരക്ഷാകരം, സർവ്വരോഗഹരം, സർവ്വസിദ്ധിപ്രദം, സർവ്വാനന്ദമയം എന്നീ പേരുകളിൽ ശ്രീചക്രത്തിലെ ഒൻപതു ചക്രങ്ങളും അറിയപ്പെടുന്നു. ഓരോ ചക്രത്തിന്റെ പേരുകളും അവയുടെ മഹത്വവും ഫലവും സൂചിപ്പിക്കുന്നു.

ഗൃഹത്തിൽ ശുദ്ധിയുള്ള പ്രത്യേക സ്ഥാനം നൽകി അവിടെ വച്ച് വേണം ശ്രീചക്ര ആരാധന നടത്തുവാൻ. സ്വർണ്ണം, ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ വേണം ശ്രീചക്രം ആലേഖനം ചെയ്യേണ്ടത്. സ്വർണ്ണത്തിലും ത്രിമാന രൂപത്തിലും തയ്യാറാക്കുന്ന ശ്രീചക്രം കൂടുതൽ ഫലം നൽകും എന്നൊരു വിശ്വാസം നിലവിലുണ്ടെങ്കിലും ധനസ്ഥിതിക്ക് അനുസരിച്ചുള്ള നിർമ്മാണ മാർഗ്ഗമായിരിക്കും ഉചിതം. ലളിതസഹസ്ര നാമാവലികളാണ് ശ്രീചക്ര ആരാധനയിൽ പ്രധാനമായും ജപിക്കുന്നത്. ചുവന്ന പുഷ്പങ്ങളും കുങ്കുമവും കൊണ്ടുള്ള അർച്ചനകൾക്കൊപ്പം വേണം മന്ത്രജപം നടത്തേണ്ടത്. യഥാവിധി തയാറാക്കിയ ശ്രീചക്രത്തിൽ ആരാധന നടത്തിയാൽ സർവ്വഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഗൃഹത്തിൽ വന്നുചേരും. സ്വസ്ഥവും ആനന്ദഭരിതവുമായ ഒരു ഗൃഹാന്തരീക്ഷം സംജാതമാകും. ഗൃഹത്തിനും ഗൃഹവാസികൾക്കും ഏറ്റവും ഉത്തമമായ ഒരു ചക്രമാണിത്. പ്രഭാതവും സന്ധ്യയുമാണ് ശ്രീചക്രപൂജയ്ക്ക് ഏറ്റവും മികച്ച സമയങ്ങൾ. ശ്രീചക്രം വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ യഥാവിധി സ്ഥാപിച്ച് പൂജ നടത്തിയാൽ സാമ്പത്തിക തടസ്സങ്ങൾ മാറുകയും സമ്പൽസമൃദ്ധി ഉണ്ടാകുകയും ചെയ്യും. സർവ്വഐശ്വര്യപ്രദായകം എന്നതാണ് ശ്രീചക്രത്തിന്റെ ഏറ്റവും വലിയ മേന്മ.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Vastu Tips in Malayalam, Astrology Tips in Malayalam