വാസ്തുശാസ്ത്രം ഗൃഹപരിസരത്ത് നട്ടുവളർത്തേണ്ട വൃക്ഷങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിരിക്കുന്നു. ചില വൃക്ഷങ്ങൾ ഗൃഹവാസികളുടെ ജീവിതത്തിന് അനുകൂലവും ചിലവ പ്രതികൂലവുമാണ്.
ദേവതാരം, അശോകം, കൂവളം, കൊന്ന, കടുക്ക, ചെമ്പകം എന്നിവ വീടിന്റെ ഏത് ദിക്കിലും നട്ടുവളർത്താവുന്ന വൃക്ഷങ്ങളാണ്. വാഴ, വെറ്റില, മുല്ല തുടങ്ങിയവയ്ക്ക് ഉത്തമം ഗൃഹത്തിന്റെ ഇരുവശങ്ങളും, പുറകുവശവുമാണ്. കിഴക്ക് ദിക്കിൽ ഇലഞ്ഞിമരവും, പേരാലും, പ്ലാവും വളർത്തുന്നത് നല്ലതാണ്. അരയാലിനും ഏഴിലംപാലയ്ക്കും ഉചിതമായ ദിക്ക് പടിഞ്ഞാറ് ആണ്. തെക്ക് ദിക്കിൽ പുളിമരവും, അത്തിമരവും, തെങ്ങും ശുഭകരമാണ്. മാവും നാഗമരവും വടക്കുദിക്കിന് അനുയോജ്യമാണ്. ഇത്തരം വൃക്ഷങ്ങൾ മറ്റു ദിക്കുകളിൽ വരാതെ നോക്കുന്നത് നന്നായിരിക്കും.
താന്നി, കാഞ്ഞിരം, കള്ളിപ്പാല, കറുമൂസ്സ്, സ്വർണ്ണക്ഷീരി, ഊകമരം, നറുവലി, ചേര് തുടങ്ങിയ വൃക്ഷങ്ങൾ ഗൃഹപരിസരത്ത് പാടില്ലാത്തവയാണ്. ഇവ ഗൃഹവാസികൾക്ക് ഐശ്വര്യക്ഷയം വരുത്തുമെന്ന് കരുതപ്പെടുന്നു. ഗൃഹത്തിന് സമീപം ഒരു വൃക്ഷവും നിൽക്കുവാൻ പാടുള്ളതല്ല. ഗൃഹത്തെക്കാൾ ഉയരത്തിൽ ഗൃഹത്തിനു സമീപം നിൽക്കുന്ന വൃക്ഷം മുറിച്ചു മാറ്റേണ്ടതാണ്. അധികഫലവും, സ്ഥിരഫലവും തരുന്ന വൃക്ഷങ്ങൾ ഗൃഹത്തോട് ചേർന്ന് പാടില്ല. മാവ്, തെങ്ങ് തുടങ്ങിയവ ഈ ഗണത്തിൽ ഉൾപ്പെടും. പുളിമരം പോലെ അമിതമായ വേരോട്ടം ഉള്ള വൃക്ഷങ്ങളും ഗൃഹത്തിന്റെ സമീപത്തുനിന്നും മാറ്റിനടേണ്ടതാണ്. ഇടിമിന്നലേറ്റ് ഏതെങ്കിലും ഭാഗം കരിഞ്ഞ വൃക്ഷങ്ങൾ, രോഗങ്ങൾ വന്ന വൃക്ഷങ്ങൾ, വളർച്ച നശിച്ച മരങ്ങൾ തുടങ്ങിയവ അശുഭകരമാണ്. അവ മുറിച്ചു മാറ്റണം. ഇത്തരം വൃക്ഷങ്ങളുടെ തടികൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ദോഷകരമാണ്.
Read more: Astrology news, Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam