നിങ്ങളുടെ ഭൂമി വാസയോഗ്യമാണോ?

വസ്തു വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

വസ്തു വാങ്ങി വീട് പണിയുക എന്നത് സ്വന്തമായി ഭൂമി ഇല്ലാത്ത ഏവരുടെയും സ്വാഭാവികമായ ഒരു ആഗ്രഹമാണ്. അപ്രകാരം ആഗ്രഹിക്കുന്നവർ വാസയോഗ്യമായ ഭൂമിയെപ്പറ്റി ചില കാര്യങ്ങൾ അറിയുന്നത് നന്നായിരിക്കും.

വാസ്തുശാസ്ത്രത്തിൽ ഗൃഹനിർമ്മാണ യോഗ്യമായ ഭൂമിയെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്ക് ദർശനമായി കിടക്കുന്ന ഭൂമി വാങ്ങുന്നത് ദോഷകരമാണ്. ദേവീദേവൻമാരുടെ ദൃഷ്ടിക്ക് തടസ്സം വരും എന്നതാണ് കാരണം. നിരാശമൂലം ആത്മഹത്യ ചെയ്ത വ്യക്തി, സാമ്പത്തിക ബാധ്യത മൂലം നാടുവിട്ടുപോയ വ്യക്തി തുടങ്ങിയവരുടെ വസ്തു വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പലവിധ കാരണങ്ങള്‍ കൊണ്ടായിരിക്കാം ഇങ്ങനെ ദോഷങ്ങൾ ഉണ്ടായിട്ടുള്ളത്. വാസ്തുദോഷമാണോ ദുരന്തങ്ങൾക്ക് കാരണമെന്ന് മനസ്സിലാക്കുവാൻ ഒരു വാസ്തുവിദഗ്ധന്റെ സേവനം സ്വീകരിക്കണം. അതിനുശേഷം വേണം ആ ഭൂമി വാങ്ങണമോ, വേണ്ടയോ എന്ന് തീരുമാനിക്കുവാൻ.

വസ്തുവിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വിസ്താരമേറിയ വിജനമായ വസ്തുക്കളോ, ഉയരമുള്ള കെട്ടിടങ്ങളോ ഉള്ള ഭൂമി ഒഴിവാക്കപ്പെടേണ്ടതാണ്. രണ്ട് വലിയ കെട്ടിടങ്ങളുടെ മധ്യത്തിൽ ഏകമായി ഒഴിഞ്ഞുകിടക്കുന്ന വളരെ ചെറിയ വസ്തു, രണ്ട് വലിയ വസ്തുക്കൾക്കിടയിൽ കിടക്കുന്ന തീരെ ചെറിയ വസ്തു എന്നിവയും നന്നല്ല. തെക്ക് കിഴക്ക് ഭാഗത്തോ, വടക്കു കിഴക്ക് ഭാഗത്തോ മൊട്ടക്കുന്നുള്ള ഭൂമി ഐശ്വര്യപ്രദമല്ല.

കുന്നിൻചെരിവിനോടും, നദിക്കരയോടും ചേർന്ന ഭൂമി ഒഴിവാക്കപ്പെടേണ്ടതാണ്. മണ്ണിട്ട് നികത്തിയ സ്ഥലം, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം, മധ്യഭാഗം നന്നായി കുഴിഞ്ഞ സ്ഥലം, ദുർഗന്ധം വമിക്കുന്ന മണ്ണുള്ള ഭൂമി, ശ്മശാനം നിലനിന്നിരുന്ന സ്ഥലം തുടങ്ങിയവയും ഗൃഹനിർമ്മാണത്തിന് നന്നല്ല.

ഇത്തരം ഭൂമികളിൽ ഗൃഹനിർമ്മാണം നടത്തിക്കഴിഞ്ഞവർ മേൽപ്പറഞ്ഞ കാര്യങ്ങളിൽ അമിതമായി ആശങ്കപ്പെടേണ്ട കാര്യമില്ല. ഗൃഹവാസികൾക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ പല കാരണങ്ങൾ കൊണ്ടാകാം. അത് ഏതാണെന്ന് തിരിച്ചറിയേണ്ടതായിട്ടുണ്ട്. വാസ്തുശാസ്ത്രപരമായ പിഴവുകളാണ് കാരണമെന്ന് ബോധ്യമായാൽ മാത്രം ഒരു വാസ്തുവിദഗ്ധന്റെ നിർദ്ദേശാനുസരണം ദോഷനിവാരണം നടത്തണം. ദോഷങ്ങൾ അകന്നു പോയാൽ തീർച്ചയായും ആ ഭൂമിയിലെ ഭവനം ഐശ്വര്യങ്ങൾ കൊണ്ടുവരും

Read more: Astrology news, Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam