'വില്ലനെ' മാറ്റാൻ ട്രംപ്; വരുന്നത് ക്രിപ്റ്റോയുടെ 'ഉറ്റതോഴൻ', ഒരുലക്ഷം ഡോളർ ഭേദിച്ച് ബിറ്റ്കോയിൻ വില
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിലാദ്യമായി ഒരുലക്ഷം ഡോളർ (ഏകദേശം 84.6 ലക്ഷം രൂപ) എന്ന നാഴികക്കല്ല് ഭേദിച്ചു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിക്കുന്ന സാങ്കൽപിക/ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ.
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിലാദ്യമായി ഒരുലക്ഷം ഡോളർ (ഏകദേശം 84.6 ലക്ഷം രൂപ) എന്ന നാഴികക്കല്ല് ഭേദിച്ചു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിക്കുന്ന സാങ്കൽപിക/ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ.
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിലാദ്യമായി ഒരുലക്ഷം ഡോളർ (ഏകദേശം 84.6 ലക്ഷം രൂപ) എന്ന നാഴികക്കല്ല് ഭേദിച്ചു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിക്കുന്ന സാങ്കൽപിക/ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ.
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിലാദ്യമായി ഒരുലക്ഷം ഡോളർ (ഏകദേശം 84.6 ലക്ഷം രൂപ) എന്ന നാഴികക്കല്ല് ഭേദിച്ചു. ഇന്നലെ യുഎസ് വിപണിയിൽ വില ഒരുവേള 1,03,844.05 ഡോളർ (87.8 ലക്ഷം രൂപ) വരെ എത്തി സർവകാല റെക്കോർഡിട്ടു. നിലവിൽ വില 1,03,544 ഡോളർ. യുഎസിന്റെ ഓഹരി, കടപ്പത്ര ധനകാര്യവിപണികളുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (SEC) ചെയർമാനായി പോൾ അറ്റ്കിൻസിനെ (Paul Atkins) നിയമിക്കാനുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾക്ക് പുത്തനൂർജം പകർന്നത്.
നിലവിലെ എസ്ഇസി മേധാവി ഗാരി ഗെൻസ്‍ലെർ (Gary Gensler) പൊതുവേ ക്രിപ്റ്റോവിപണിയിലെ 'വില്ലൻ' എന്നാണ് അറിയപ്പെടുന്നത്. ഗെൻസ്‍ലെറിന്റെ കർക്കശമായ നിയന്ത്രണച്ചട്ടങ്ങളിൽ ഓഹരി, ക്രിപ്റ്റോനിക്ഷേപകർ പൊതുവേ അസംതൃപ്തരുമായിരുന്നു. അദ്ദേഹത്തിന് പകരം പോൾ അറ്റ്കിൻസ് എത്തുമെന്നത് ഇന്നലെ യുഎസ് ഓഹരി സൂചികകളെയും മുന്നേറ്റത്തിലേക്ക് നയിച്ചിരുന്നു.
നിലവിൽ പേറ്റോമാർക് ഗ്ലോബൽ പാർട്ണേഴ്സിന്റെ സിഇഒയായ പോൾ, നേരത്തെ എസ്ഇസി കമ്മിഷണർ പദവി വഹിച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസി, ഓഹരി വിപണി അനുകൂല നിലപാടുള്ളയാളുമാണ് പോൾ. ക്രിപ്റ്റോകറൻസികളെ അനുകൂലിക്കുന്ന നിലപാടാണ് ട്രംപിനും. ക്രിപ്റ്റോ, ഓഹരി എന്നിവയ്ക്ക് അനുകൂലമായ നിയപാടുള്ള ബിസിനസ് പ്രമുഖൻ സ്കോട്ട് ബെസന്റിനെ യുഎസ് ട്രഷറി സെക്രട്ടറിയായി നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനവും ബിറ്റ്കോയിന് കുതിപ്പ് പകർന്നിരുന്നു.
ഡോജ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോകളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്ക്, ഇന്ത്യൻ വംശജനായ യുഎസ് ബിസിനസുകാരനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമി എന്നിവരെ പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്ത് നിയമിച്ച ട്രംപിന്റെ തീരുമാനവും ക്രിപ്റ്റോ വിപണിക്ക് ആവേശം പകർന്നിരുന്നു.
ബിറ്റ്കോയിന്റെ ഉദയവും സഞ്ചാരവും
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിക്കുന്ന സാങ്കൽപിക/ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ. നിക്ഷേപമായും സാധാരണ കറൻസിപോലെ വിനിമയ ഇടപാടുകൾക്കും നിലവിൽ ഒട്ടേറെ രാജ്യങ്ങൾ ക്രിപ്റ്റോകറൻസികളെ അംഗീകരിച്ചിട്ടുണ്ട്. ഇതിൽ ലോകത്ത് ഏറ്റവും സ്വീകാര്യതയും വിലയുമുള്ളതാണ് ബിറ്റ്കോയിൻ. സതോഷി നാകാമോട്ടോ എന്നയാൾ 2008ലാണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ആദ്യ ഇടപാട് നടന്നത് 2010ൽ. രണ്ട് പീത്‍സ വാങ്ങാൻ 10,000 ബിറ്റ്കോയിൻ ചെലവിട്ടായിരുന്നു അത്.
2010 ജൂലൈയിൽ വെറും 0.08 ഡോളർ ആയിരുന്നു ബിറ്റ്കോയിന്റെ വില. സുമാർ 6 രൂപ. 2011 ജൂണിൽ വില 17.23 ഡോളറായിരുന്നു. 2015 ജൂണിൽ 246 ഡോളർ. 2017 ഡിസംബറിൽ 19,376 ഡോളറിലെത്തി. 2021 ഏപ്രിലിൽ 62,875 ഡോളർ എന്ന റെക്കോർഡിലും. 2021 നവംബറിൽ വില 67,130 ഡോളറായി. 2022 നവംബറിൽ പക്ഷേ 15,799 ഡോളറിലേക്ക് കൂപ്പുകുത്തി. നിയന്ത്രണങ്ങൾ കർശനമായത് ഇതിന് വഴിവച്ചു. നമ്മുടെ രൂപ അടക്കം ലോക രാജ്യങ്ങളുടെ കറൻസികൾക്കെല്ലാം അതത് രാജ്യത്ത് നിയന്ത്രണ ഏജൻസിയായി കേന്ദ്രബാങ്കുകളുണ്ടാകും. ഇന്ത്യയിൽ റിസർവ് ബാങ്ക് എന്നപോലെ.
ക്രിപ്റ്റോകറൻസികൾക്ക് ഇത്തരം നിയന്ത്രണ ഏജൻസിയില്ല. അതുകൊണ്ടുതന്നെ, ക്രിപ്റ്റോകറൻസി നിക്ഷേപവും ഇടപാടുകളും സുരക്ഷിതമല്ലെന്ന നിലപാടാണ് ഇന്ത്യയിൽ കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനുമുള്ളത്. ഒരുവേള ക്രിപ്റ്റോകറൻസികൾക്ക് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും സുപ്രീം കോടതി അതു റദ്ദാക്കി. ഈവർഷം മാർച്ചിൽ ബിറ്റ്കോയിൻ വില 73,131 ഡോളറിൽ എത്തിയിരുന്നു. 2024 ഓഗസ്റ്റിൽ വില വീണ്ടും 53,156 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. എന്നാൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയസാധ്യത ഏറിയത് മുതലെടുത്ത് ബിറ്റ്കോയിൻ പിന്നീട് കുതിച്ചു. 2024ൽ ഇതുവരെ 140 ശതമാനവും യുഎസ് ഇലക്ഷനുശേഷം 40 ശതമാനവുമാണ് ബിറ്റ്കോയിൻ വിലയിലുണ്ടായ വർധന.
(Disclaimer: ഈ ലേഖനം ഓഹരി/ക്രിപ്റ്റോകറൻസി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)