കഷ്ടകാലം വരുമ്പോള്‍ എല്ലാം കൂടി ഓട്ടോയും പിടിച്ചു വരും എന്നു പറയും പോലെയാണു നാട്ടിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ. മുക്കിനും മൂലയിലുമെല്ലാം സര്‍ക്കാര്‍ വകയും സ്വാശ്രയത്തിലുമൊക്കെയായി നിരവധി കോളജുകളുണ്ടെങ്കിലും പലയിടത്തും ആവശ്യത്തിന് കുട്ടികള്‍ പഠിക്കാനില്ലാത്ത സ്ഥിതി. ഇത് നമ്മുടെ നാട്ടിലെ കോളജുകളുടെ മാത്രം ദുരവസ്ഥയാണെന്ന് കരുതിയാല്‍ തെറ്റി. എന്‍ജിനീയറിങ് പഠനരംഗത്തെ മികവിന്റെ പര്യായങ്ങളായി കണക്കാക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളില്‍(ഐഐടി) പോലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.
ഏഴു റൗണ്ട് കൗണ്‍സിലിങ് സെഷനുകള്‍ പിന്നിടുമ്പോള്‍ 23 ഐഐടികളിലെ 10,998 സീറ്റുകളില്‍ ഈ വര്‍ഷം 121 സീറ്റുകളാണ് യോഗ്യതയുള്ള കുട്ടികള്‍ പഠിക്കാനെത്താത്തിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 96 സീറ്റുകള്‍ ഒഴിവു വന്നയിടത്താണ് ഇത്തവണ അത് 121ലേക്ക് ഉയര്‍ന്നത്. 2015ല്‍ 50 ഉം 2014ല്‍ വെറും മൂന്നും സീറ്റുകളും മാത്രമേ ഐഐടികളില്‍ ഒഴിഞ്ഞു കിടന്നിരുന്നുള്ളൂ എന്നതും കൂട്ടിവായിക്കുമ്പോഴേ പ്രശ്‌നത്തിന്റെ ഗൗരവം പിടി കിട്ടുകയുള്ളൂ.
സ്ഥിതി വഷളായതോടെ പ്രചാരം കുറഞ്ഞ കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. ഓഗസ്റ്റില്‍ നടക്കുന്ന ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്യും. ജെഇഇ പരീക്ഷയില്‍ നല്ല റാങ്ക് നേടിയ ശേഷവും പലരും എന്‍ജിനീയറിങ്ങിന് ചേരാതെ മറ്റ് കോഴ്‌സുകള്‍ നോക്കുന്ന അവസ്ഥയാണുള്ളത്. തൊഴില്‍ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് ഐഐടികളില്‍ ഉള്‍പ്പെടെ പല കോഴ്‌സുകളെയും അനാകര്‍ഷകമാക്കുന്നത്.
ഏറ്റവുമധികം സീറ്റുകള്‍ ഒഴിവ് വന്ന വാരണാസി ഐഐടിയില്‍(32 സീറ്റുകള്‍) 15 എണ്ണം ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിങ്ങിലും എട്ടെണ്ണം സെറാമിക് എന്‍ജിനീയിറിങ്ങിലുമാണ് ഒഴിഞ്ഞു കിടക്കുന്നത്. കെമിസ്ട്രി, ബയോകെമിക്കല്‍ എന്‍ജിനീയിറിങ്, ബയോ ടെക്‌നോളജി, ആര്‍ക്കിടെക്ച്ചര്‍, ഫിസിക്‌സ് & മൈനിങ്ങ് എന്‍ജിനീയറിങ്ങ് തുടങ്ങിയവയിലും സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. 50 ശതമാനം സംസ്ഥാന ക്വോട്ടയും സീറ്റൊഴിവിന് കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു.