എന്‍ജിനീയറിങ് പഠിക്കാനെത്തുന്ന മിടുമിടുക്കര്‍ക്കു രാജ്യത്തെ ഐഐടികളില്‍ ഏറ്റവും പ്രിയം ഐഐടി-ബോംബെയോട്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിലെ(ജെഇഇ) ആദ്യ 100 റാങ്കുകാരില്‍ 65 പേരും ഉപരിപഠനത്തിനു തിരഞ്ഞെടുത്തത് ഐഐടി ബോംബെയാണ്. ഐഐടി-ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ 100ലെ 31 പേരാണ് ഐഐടി ഡല്‍ഹിയില്‍ പ്രവേശനം നേടിയത്.
ആഗോള തലത്തില്‍ ഐടി തൊഴില്‍ പ്രതിസന്ധിയൊക്കെ ഉണ്ടെങ്കിലും ഐഐടി ബോംബെയില്‍ പ്രവേശനം നേടിയ ടോപ്പ് 100 വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും തിരഞ്ഞെടുത്തത് കംപ്യൂട്ടര്‍ സയന്‍സാണ്. ആദ്യ 500 റാങ്കുകാരില്‍, 201 വിദ്യാർഥികള്‍ ഐഐടി-ബോംബേയിലും 137 പേര്‍ ഐഐടി ഡല്‍ഹിയിലും പ്രവേശനം നേടി. അതേ സമയം ഐഐടി ഖരഗ്പൂര്‍, ഐഐടി കാണ്‍പൂര്‍, ഐഐടി മദ്രാസ് പോലുള്ള പഴയ കാല ഐഐടികളുടെ പ്രതാപത്തിന് മങ്ങലേല്‍ക്കുന്നതായാണ് അഡ്മിഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മൂന്ന് ഐഐടികളിലേക്ക് ആദ്യ 500 റാങ്കുകാരില്‍ നിന്ന് വെറും 50 വിദ്യാർഥികളേ ഇത്തവണ പ്രവേശനത്തിനായി പോയിട്ടുള്ളൂ. ഒരു കാലത്ത് എന്‍ജിനീയറിങ് പഠനത്തിന്റെ പറുദീസയായിട്ടാണ് ഐഐടി ഖരഗ്പൂര്‍ കരുതപ്പെട്ടിരുന്നത്.
പ്ലേയ്‌സ്‌മെന്റ് റെക്കോര്‍ഡ്, കോഴ്‌സുകളുടെ വൈവിധ്യം, ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണവൈവിധ്യം, കോച്ചിങ് സ്ഥാപനങ്ങള്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങി പല വിധ കാരണങ്ങളാണ് ടോപ്പര്‍മാരുടെ തിരഞ്ഞെടുപ്പിനെ നിര്‍ണ്ണയിക്കുന്നത്.