Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ് തൊഴിൽ അവസരം ഇരട്ടിയാക്കാൻ 100 കോടിയുടെ പദ്ധതി

scope-of-engineering

എൻജിനീയറിങ് വിദ്യാർഥികൾക്കുള്ള തൊഴിൽസാധ്യത ഇരട്ടിയാക്കുന്നതിനു സ്വാശ്രയ കോളജുകൾ ഉൾപ്പെടെ 150 എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ചു സംസ്ഥാന സർക്കാർ 100 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. വ്യവസായങ്ങളുമായി ചേർന്നാണ് എസ്‍ഡിപികെ എന്ന പേരിൽ പദ്ധതി. ജോലി നേടുന്ന എൻജിനീയറിങ് വിദ്യാർഥികളുടെ എണ്ണം അടുത്ത നാലു വർഷത്തിനിടെ ഇരട്ടിയാക്കുകയാണു ലക്ഷ്യം. സംസ്ഥാനത്തെ 150 എൻജിനീയറിങ് കോളജുകളിൽ ഓരോ വർഷവും 40,000 വിദ്യാർഥികൾ വീതം ചേരുന്നുണ്ടെങ്കിലും അതിൽ 20 ശതമാനത്തിനു മാത്രമാണു ജോലി ലഭിക്കുന്നത്. അടുത്ത മൂന്നുവർഷം ഐടി രംഗത്തു മാത്രം വൻതോതിൽ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നും ഈ മേഖലയ്ക്കു യോജിക്കുന്ന വിധത്തിൽ വിദ്യാർഥികൾക്ക് ഉന്നത നിലവാരമുള്ള പ്രത്യേക പരിശീലനം നൽകുകയാണു ലക്ഷ്യമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ക്രമേണ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് രംഗത്തേക്കും ഇതു വ്യാപിപ്പിക്കും. 

പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ എൻജിനീയറിങ് കോളജുകളെയും ടെക്നോപാർക്ക്, ഇൻഫോപാർക്ക് തുടങ്ങിയ വ്യവസായ ഹബ്ബുകളെയും ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കും. വിവിധ വ്യവസായങ്ങൾക്ക് ആവശ്യമായ പാഠ്യപദ്ധതിയും മറ്റും ഓൺലൈനായി വിദ്യാർഥികൾക്കു ലഭിക്കും. 150 എൻജിനീയറിങ് കോളജുകളിലായി 10,000 വിദ്യാർഥികൾക്കെങ്കിലും പ്രത്യേക പരിശീലനം നൽകാനാണു ലക്ഷ്യമിടുന്നത്.