ഉന്നത വിദ്യാഭ്യാസരംഗത്ത് ആവശ്യക്കാരേറെയുള്ള കോഴ്സാണ് എംബിബിഎസ്, ബിഡിഎസ് എന്നിവ. മുമ്പ് പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു മെഡിക്കൽ കോളേജിൽ അഡ്മിഷൻ. പക്ഷേ മാർക്ക്‌ലിസ്റ്റ് തിരുത്തൽ വിവാദത്തിനു ശേഷം നേരിട്ടുള്ള അഡ്മിഷൻ നിർത്തലാക്കി. പൊതു പ്രവേശന പരീക്ഷ (എൻട്രൻസ് എക്സാമിനേഷൻ) നടത്തി അതിന്റെ റാങ്ക്‌ലിസ്റ്റിൽനിന്ന് പ്രവേശനം നൽകിത്തുടങ്ങി. പ്രവേശനപ്പരീക്ഷ സുതാര്യമാക്കാൻ കമ്മിഷണറേറ്റും രൂപീകരിച്ചു. ഈ സംവിധാനം ഇന്ത്യയൊട്ടാകെ നിലവിൽ വന്നു.
എന്നാൽ സ്വകാര്യ മാനേജ്മെന്റ് കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടാ അഡ്മിഷന് അവർതന്നെയാണ് പ്രവേശനപരീക്ഷ നടത്തിയിരുന്നത്. പിൽക്കാലത്ത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജ്യത്താകമാനം ഒരു പൊതുപരീക്ഷ നിലവിൽവന്നു. ആദ്യഘട്ടത്തിൽ ചില സംസഥാനങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും 2017 മുതൽ എല്ലാ സംസ്ഥാനങ്ങളും നീറ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (യു. ജി.) സംവിധാനത്തിനു കീഴിലാകും.
ഇന്ത്യയൊട്ടാകെ സ്വകാര്യ – സർക്കാർ കോളജുകളിലായി 53, 430 സീറ്റുകളാണുള്ളത്. പാര്‍ലമെന്റിൽ പ്രത്യേകമായി പാസാക്കിയ നിയമത്തിലൂടെ നിലവിൽ വന്ന എഐഐഎംഎസ്, ജിപ്മര്‍ർ എന്നീ സ്ഥാപനങ്ങൾ ഈ കുടക്കീഴിൽ വരില്ല. സെന്‍ട്രൽ ബോര്‍ഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ആണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്ന ജോലി മാത്രമെ സിബിഎസ്ഇയ്ക്കുള്ളു. ഒരു നാഷനൽ മെറിറ്റ് ലിസ്റ്റും അതില്‍നിന്നു സംസ്ഥാന ലിസ്റ്റും എടുക്കുന്നു. നാഷനൽ ലിസ്റ്റിൽ 35,000 റാങ്കുള്ള ഒരു മത്സരാർഥി തന്റെ സംസ്ഥാന ലിസ്റ്റിൽ 3000 റാങ്കിലായിരിക്കും ഏകദേശം വരിക.
നീറ്റ് എഴുതാൻ വേണ്ട യോഗ്യത
1. അഡ്മിഷൻ നടക്കുന്ന വർഷത്തെ ഡിസംബർ 31–ന് വയസ്സ് 17 പൂർത്തിയായിരിക്കണം. എന്നാൽ 25 വയസ്സ് കഴിയാനും പാടില്ല. റിസർവേഷൻകാർക്ക് 35 വയസ്സ്.
2. പ്ലസ് ടു പരീക്ഷയിൽ ഇംഗ്ലിഷിനു പുറമെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയങ്ങൾക്ക് 50% മാർക്ക് നേടിയിരിക്കണം. പട്ടികജാതി -പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് 40%, നിശ്ചിത അംഗവൈകല്യമുള്ളവർക്ക് 45% മാർക്ക് വീതം മതിയാകും. യോഗ്യതാ പരീക്ഷ ഫലം വരുന്നതിനു മുമ്പും അപേക്ഷിക്കാം.
3. 2017 ലെ നീറ്റ് ഒന്നാം ചാൻസായി കണക്കാക്കി പരമാവധി മൂന്നു പ്രാവശ്യമേ ഒരാൾക്ക് പ്രവേശന പരീക്ഷ എഴുതാൻ അനുവാദമുള്ളു.
4. അപേക്ഷകർക്ക് ആധാർ നിര്‍ബന്ധമാണ്. ആകെയുള്ള സീറ്റുകളുടെ 85% സീറ്റുകളും അതാതു സംസ്ഥാനങ്ങളിലെ വിദ്യാർഥികള്‍ക്കും ബാക്കി 15% അഖിലേന്ത്യാടിസ്ഥാനത്തിലുമാണ് വിഭജിക്കുക. All India Pre-medical Test (AIPMT) നീറ്റ് വന്നതോടെ അപ്രസക്തമായി. ഇത്തരം നിർദേശങ്ങൾ നൽകുന്നത്
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ്. പാഠ്യപദ്ധതി, കോളജുകളുടെ നിലവാരം, രജിസ്ട്രേഷൻ, നടത്തിപ്പ്, അംഗീകാരം, ഇവയൊക്കെ എംസിഐ യുടെ മേൽനോട്ടത്തിലാണ്. 2017 ലെ പരീക്ഷ മേയ്ഏഴ് ഞായറാഴ്ചയാണ് നടക്കുന്നത്. www.cbseneet.nic.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങളറിയാം.
നെക്സ്റ്റ് (NEXT) – യുഎസിലെ ലൈസൻസിങ് പരീക്ഷയുടെ മാതൃകയിൽ ഇവിടെയും ഇനി ഗുണനിലവാരം പരിശോധിക്കപ്പെടും. മെഡിക്കൽ ബിരുദം നേടിയാലും നാഷനൽ എക്സിറ്റ് ടെസ്റ്റിൽ വിജയിച്ചാലേ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള റജിസ്ട്രേഷൻ നേടാനാവൂ. വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസത്തിനുശേഷം വരുന്നവർക്ക് ഇപ്പോഴുള്ള സ്ക്രീനിങ് ടെസ്റ്റ് (Foreign Medical Graduates Examination – FMGE) നിർത്തലാക്കി പകരം നെക്സ്റ്റ് എഴുതിയാൽ മതിയാകും. ഇവിടെ പഠിച്ചവർക്കും വിദേശത്തു പഠിച്ചവർക്കും ഒരേ പരീക്ഷ. അതിന്റെ റാങ്ക് ലിസ്റ്റ് ഉപയോഗപ്പെടുത്തിയാവും പിജി അഡ്മിഷനും കേന്ദ്രസർക്കാരിന്റെ മെഡിക്കൽ ഓഫിസർമാരുടെ സെലക്ഷനും. ഈ നിയമത്തിന്റെ കരടു ബില്ല് പാർലമെന്റിന്റെ മേശപ്പുറത്താണ്.
കടപ്പാട്
ജീന മൈക്കിൾ
jeena@santamonicaedu.in
9446007789