ന്യൂഡൽഹി∙ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതുന്നവര്‍ക്കുള്ള ഡ്രസ്കോഡ് സിബിഎസ്‌സി നിർദേശിച്ചു. ലളിതമായ നിറങ്ങളിലുള്ള, ഹാഫ് സ്‌ലീവ് വസ്ത്രങ്ങൾ വേണം ധരിക്കാൻ. വലിയ ബട്ടണുകൾ പോലെയുള്ളവ പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ഉപയോഗിക്കേണ്ടത്, ഷൂസ് പാടില്ല. ഡ്രസ്കോഡ് പാലിക്കാതെ ഇഷ്ടവേഷം ധരിക്കണമെന്ന് ആഗ്രഹമുള്ളവർ ഒരു മണിക്കൂർ മുൻപ് പരീക്ഷാ ഹാളിലെത്തണം. മൊബൈൽ ഫോൺ, പെൻസിൽ ബോക്സ്, ബാഗുകൾ, ആഭരണങ്ങൾ, ലോഹനിർമിതമായ മറ്റു വസ്തുക്കൾ തുടങ്ങിയവയൊന്നും പരീക്ഷാകേന്ദ്രത്തിൽ കൊണ്ടുപോകാൻ സാധിക്കില്ല.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
നീറ്റ് സംവരണം സംബന്ധിച്ച കേസ് മാറ്റിവച്ചതോടെ അഡ്മിഷൻ കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി. https://cbseneet.nic.in/cbseneet/online/AdmitCardAuth.aspx എന്ന ലിങ്കിൽ കാർഡ് ഡൗൺലോഡ് ചെയ്യാം. നീറ്റ് പരീക്ഷയ്ക്ക് ഇത്തവണ 13.36 ലക്ഷം വിദ്യാർഥികൾ അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ രണ്ടുലക്ഷത്തോളം വർധന. രാജ്യമെമ്പാടും എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്കായി 60000 സീറ്റുകൾ ഉണ്ടെന്നാണു കണക്ക്.
നീറ്റ്: കേരളത്തിൽ അഞ്ചു പരീക്ഷാകേന്ദ്രങ്ങൾ കൂടി
നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി 43 കേന്ദ്രങ്ങൾ പുതുതായി അനുവദിച്ചതിൽ അഞ്ചെണ്ണം കേരളത്തിൽ. മഹാരാഷ്ട്രയിൽ ആറും തമിഴ്നാട്ടിൽ രണ്ടും കർണാടകയിൽ ഒന്നും കൂടുതലായി അനുവദിച്ചിട്ടുണ്ട്. നാലായിരത്തിൽ കൂടുതൽ കുട്ടികളുള്ളതും കഴിഞ്ഞ വർഷം പരീക്ഷാ കേന്ദ്രമില്ലാതിരുന്നതുമായ 43 ഇടങ്ങളിലാണു പുതിയ കേന്ദ്രങ്ങൾ വരിക. കഴിഞ്ഞ വർഷം ആകെ 107 കേന്ദ്രങ്ങളുണ്ടായിരുന്നിടത്ത് ഇത്തവണ 150 എണ്ണമുണ്ടാകും.