അന്ധത ഈ ഐഎഎസ് ഒാഫിസർക്ക് ഒരു പ്രശ്നമേയല്ല!

കംപ്യൂട്ടര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനിലെ കര്‍സറാണ് അമന്റെ കണ്ണുകളില്‍നിന്ന് ആദ്യം അപ്രത്യക്ഷമായത്. പിന്നീട് കളിക്കളത്തില്‍ ചീറിപ്പാഞ്ഞെത്തിയ ക്രിക്കറ്റ് ബോളുകള്‍ കാണാതായി. പിന്നെപ്പോഴോ ക്ലാസു മുറിയില്‍ അധ്യാപകര്‍ ബ്ലാക്ക് ബോര്‍ഡിലെഴുതിയ അക്ഷരങ്ങള്‍ പിടി തരാതായി. 16 വര്‍ഷം മുന്‍പ് ന്യൂഡല്‍ഹി എയിംസില്‍ നടത്തിയ ഒരു പരിശോധന കാഴ്ചയെ സംബന്ധിച്ച അമന്റെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കി. ജുവനൈല്‍ മാക്കുലാര്‍ ഡീജനറേഷന്‍ എന്ന അസുഖമാണ് ബാധിച്ചിരിക്കുന്നത്. പതിയെ പതിയെ കണ്ണുകളുടെ 90 ശതമാനം കാഴ്ചശക്തിയും ഈ അസുഖം കവര്‍ന്നെടുക്കും. 

കാലം കണ്ണുചിമ്മിത്തുറന്ന്  2018ല്‍ വന്നു നില്‍ക്കുമ്പോള്‍ അമന്‍ ഗുപ്ത ഇരിക്കുന്നതു സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ (എസ്ഡിഎംസി) പഴ്‌സനേല്‍ വിഭാഗം ഡയറക്ടറുടെ മുറിയിലാണ്. എസ്ഡിഎംസി പഴ്‌സനേല്‍ ഡയറക്ടര്‍ സ്ഥാനത്തിനു പുറമേ, വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടറുടെയും എസ്ഡിഎംസി കമ്മിഷണറുടെ സെക്രട്ടറിയുടെയും ചുമതലകള്‍ ഒരുമിച്ചു വഹിക്കുകയാണ് 90 ശതമാനം അന്ധനായ ഈ ഐഎഎസ് ഓഫിസര്‍. മുന്‍പ് വെസ്റ്റ് സോണിന്റെ ഡപ്യൂട്ടി കമ്മിഷണര്‍, ചാണക്യപുരിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്. 

ഐഐഎമ്മില്‍ നിന്നുള്ള എംബിഎ പഠനത്തിനും ക്രിസിലില്‍ റേറ്റിങ് അനലിസ്റ്റായി രണ്ടു വര്‍ഷത്തെ ജോലിക്കും ശേഷമാണ് അമന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്‌ക്കൊരുങ്ങുന്നത്. ഓഡിയോ ബുക്‌സ് വഴിയായിരുന്നു പഠനം. പുസ്തകങ്ങള്‍ വായിച്ചു കൊടുത്തു മാതാപിതാക്കളും സഹോദരിയും സഹായത്തിനെത്തി. സ്‌ക്രൈബിനെ ഉപയോഗിച്ചാണ് പരീക്ഷയെ നേരിട്ടത്. 2010ല്‍ 795-ാം റാങ്ക് നേടി. 2013 ല്‍ ജനറല്‍ വിഭാഗത്തില്‍ 57-ാം റാങ്കോടെയാണ് അമന്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ തന്റെ യാത്ര ആരംഭിക്കുന്നത്. 

കാഴ്ചയ്ക്കു മങ്ങലുണ്ടെങ്കിലും മുന്നില്‍വന്നു നില്‍ക്കുന്നവരെ തിരിച്ചറിയാന്‍ വിഷമമാണെങ്കിലും അമന്‍ തന്റെ കഠിനപ്രയത്‌നം കൊണ്ട് കുറവുകളെ മറികടക്കുന്നു. സ്റ്റാന്‍ഡില്‍ പിടിപ്പിച്ച ഒരു അമേരിക്കന്‍ വിഡിയോ മാഗ്നിഫയര്‍ ഉപയോഗിച്ചാണ് ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ വായിക്കുന്നത്. സാധാരണ വായിക്കുന്നതിന്റെ ഇരട്ടി സമയം ഇതിനായി വേണ്ടി വരും. എന്നിട്ടും ഈ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് ഫയലുകള്‍ ഒരിക്കലും കുന്നുകൂടുന്നില്ല. 

സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ സംബന്ധിച്ച 30 വര്‍ഷം പഴക്കമുള്ള ഫയലില്‍ തീര്‍പ്പുണ്ടാക്കിയതും കോര്‍പറേഷന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ റാങ്കിങ് ഉയര്‍ത്തിയതുമെല്ലാം അമന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ്. മുനിസിപ്പല്‍ കോര്‍പറേഷനിലെ 600 സ്‌കൂളുകളിലെ രണ്ടര ലക്ഷം വിദ്യാര്‍ഥികളുടെ ചുമതലയും അമന്റെ ചുമലിലാണ്. കാലം കനിവില്ലാത്ത ഒരു അസുഖത്തിന്റെ രൂപത്തില്‍ വന്ന് കണ്ണുപൊത്തിക്കളി നടത്തുമ്പോഴും അങ്ങനെ തോറ്റു കൊടുക്കാന്‍ നിശ്ചയിച്ചിട്ടില്ലെന്നാണ് ഈ സ്ഥിരോത്സാഹിയായ ഉദ്യോഗസ്ഥന്റെ നിലപാട്. 

Job Tips >>