കേരള സർവകലാശാലാ സിൻഡിക്കറ്റ് കാലാവധി നീട്ടിയില്ല

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റിന്റെ കാലാവധി നീട്ടാൻ ഓർഡിനൻസ് കൊണ്ടു വന്ന സർക്കാർ, കേരള സർവകലാശാലാ സിൻഡിക്കറ്റിന്റെ കാലാവധി നീട്ടിയില്ല.‌ ഈ സാഹചര്യത്തിൽ കേരളയിലെ സിൻഡിക്കറ്റ് 16ന് ഇല്ലാതാകും. 

നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചതിനാൽ ഇനി ഓർഡിനൻസ് കൊണ്ടു വന്നു സിൻഡിക്കറ്റിന്റെ കാലാവധി നീട്ടാനാവില്ല.നിയമസഭയിൽ ബിൽ അവതരിപ്പിച്ചു പാസാക്കി എടുക്കണമെങ്കിലും അതുവരെ സിൻഡിക്കറ്റ് ഇല്ലാത്ത സാഹചര്യമാണ് ഉണ്ടാവുക. സിൻഡിക്കറ്റ് ഇല്ലാത്തപ്പോൾ സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും അധികാരം കൂടി വൈസ് ചാൻസലർക്കു നൽകി വിജ്ഞാപനം ഇറക്കാൻ സാധിക്കും.എന്നാൽ പ്രധാന നയ തീരുമാനങ്ങൾ എടുക്കാൻ വൈസ് ചാൻസലർക്കു തടസ്സങ്ങളുണ്ട്. 

സിൻഡിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന കാര്യം യഥാസമയം സർവകലാശാലയിൽ നിന്നു സർക്കാരിനെ അറിയിക്കാത്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് ഇടയാക്കിയതെന്ന് അറിയുന്നു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സർവകലാശാലാ അധികൃതർ ശ്രദ്ധിച്ചത്.സിൻഡിക്കറ്റ് നിലവിലുണ്ടെങ്കിൽ മാത്രമേ പ്രോവൈസ് ചാൻസലറുടെ നിയമനം നടത്താനാവൂ.പുതിയ വ്യവസ്ഥ അനുസരിച്ച് വൈസ് ചാൻസലർ നിർദേശിക്കുന്നയാളെ സിൻഡിക്കറ്റ് യോഗം അംഗീകരിച്ച ശേഷമാണ് പ്രോവൈസ് ചാന്‍സലർ സ്ഥാനത്തേക്കു നിയമിക്കുന്നത്.സിൻഡിക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ ഈ നിയമനം തടസ്സപ്പെടും. 

കേരള സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.നാലഞ്ചു മാസം നീളുന്ന നടപടിക്രമമാണ് ഇത്.ഏപ്രിലിൽ തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കറ്റ് നിലവിൽ വരുമെന്നു പ്രതീക്ഷിക്കുന്നു.അതുവരെ സിൻഡിക്കറ്റ് ഇല്ലാത്ത സാഹചര്യം ഒഴിവാക്കണമെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടു വന്നു പാസാക്കുകയോ നിയമസഭാ സമ്മേളനം കഴിഞ്ഞ് ഓർഡിനൻസ് ഇറക്കുകയോ ചെയ്യേണ്ടി വരും.