ഡോ. എ.രാമചന്ദ്രൻ കുഫോസ് വിസി

ഡോ. എ.രാമചന്ദ്രൻ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ. എ.രാമചന്ദ്രനെ (58) ഗവർണർ നിയമിച്ചു. അഞ്ചു വർഷത്തേക്കാണു നിയമനം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം പ്രഫസറും ഫാക്കൽറ്റി ഓഫ് എൻവയൺമെന്റൽ സയൻസസ് ഡീനുമാണ്.

2004 മുതൽ 2013 വരെ കുസാറ്റിൽ റജിസ്ട്രാറായിരുന്നു. കൺട്രോളർ ഓഫ് എക്സാമിനേഷൻ പദവിയും വഹിച്ചിട്ടുണ്ട്. കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ നിന്ന് എംഎസ്‌സി ബിരുദം നേടിയ അദ്ദേഹം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) യിൽ ശാസ്ത്രജ്ഞനായി 1984ലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

സീ ഫുഡ് പ്രൊഡക്‌ഷനിൽ കുസാറ്റിൽ നിന്നു ഡോക്ടറേറ്റ് നേടി. ജപ്പാൻ സർക്കാരിന്റെ സ്കോളർഷിപ്പോടെ സീ ഫുഡ് പ്രോസസിങ്ങിൽ ഉപരിപഠനം നടത്തി. നെതർലൻഡ്സിലെ ഡെൽഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും പൂർത്തിയാക്കി. 1992 മുതൽ കുസാറ്റിൽ സേവനം ചെയ്യുന്നു.

സംസ്ഥാന സർക്കാരിന്റെ തീരദേശ മാനേജ്മെന്റ് അതോറിറ്റിയിൽ അംഗമായി പ്രവർത്തിച്ചു. എറണാകുളം രവിപുരം സ്വദേശിയായ ഇദ്ദേഹം കൊച്ചി കോർപറേഷൻ മേയറായിരുന്ന കെ.എസ്.എൻ.മേനോന്റെയും അംബുജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ തനുജ ഇടപ്പള്ളി കാംപിയൻ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപിക. ഏക മകൻ രാഹുൽ രാമചന്ദ്രൻ മറൈൻ എൻജിനീയറാണ്.