കുരങ്ങുകളോടൊപ്പം കളിക്കുന്ന ഒന്നര വയസ്സുകാരൻ; ദൃശ്യങ്ങൾ കൗതുകമാകുന്നു

കര്‍ണ്ണാടകയിലെ ഹൂബ്ളിയിലെ അല്ലാപുർ ഗ്രാമത്തിൽ നിന്നുള്ള അപൂർവ സൗഹൃദത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് .ഒരു കൂട്ടം കുരങ്ങൻമാർക്കു നടുവിലിരുന്ന് കളിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഒന്നരവയസ്സുകാരനാണ് ഈ ദൃശ്യങ്ങളിലെ താരം. 

കുരങ്ങന്‍മാരോട് ചങ്ങാത്തം കൂടുന്ന കുട്ടി അവര്‍ക്ക് ആഹാരം കൈയ്യില്‍ പകര്‍ന്നു കൊടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളേറ്റെടുത്തത്. സാധാരണ ആഹാരത്തിന്‍റെ കാര്യം വരുമ്പോ‍ള്‍ അക്രമാസക്തരാവുന്ന കൂട്ടത്തിലാണു കുരങ്ങുകൾ .എന്നാല്‍ ഒന്നരവയസ്സുകാരനായ ഈ മിടുക്കൻ തന്‍റെ കൈയ്യില്‍നിന്ന് ഭക്ഷണം തട്ടിയെടുക്കാന്‍ വരുന്ന കുരങ്ങന്‍മാരെ തുരത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

6 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ തങ്ങളുടെ മകന് കുരങ്ങന്‍മാരോട് സൗഹൃദമുണ്ടായിരുന്നെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.രാവിലെ ഉണർന്നാലുടൻ കുട്ടി എ‍ഴുന്നേറ്റ് കുരങ്ങന്മാരുമായി കളിക്കാൻ പോകുമെന്നും അമ്മ പറയുന്നു. ഇത്രയും കാലത്തനിടയില്‍ ഒരിക്കല്‍ പോലും കുട്ടിയെ കുരങ്ങന്മാര്‍ ഉപദ്രവിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഇവയോടൊപ്പം കളിക്കുന്നതിൽ നിന്നു കുട്ടിയെ വിലക്കാറുമില്ല. ട്വിറ്ററിലൂടെയും മറ്റും ദൃശ്യങ്ങൾ കണ്ടവര്‍ കുട്ടിയുടെ ചങ്ങാത്തത്തെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ കുട്ടിയുടെ മനുഷ്യത്വത്തെ പ്രകീർത്തിച്ചപ്പോൾ മറ്റുചിലർ കുരങ്ങൻമാർ ആക്രമിക്കുമോയെന്ന ആശങ്കയാണു പങ്കുവെച്ചത്.