അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വാനരൻമാർ തട്ടിക്കൊണ്ടുപോയി; മൃതദേഹം കണ്ടെത്തിയത് കിണറിനുള്ളിൽ!

അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമായ കുഞ്ഞിനെ വാനരസംഘം തട്ടിക്കൊണ്ടു പോയി. ഗുജറാത്തിലെ കട്ടക്കിലുള്ള തലാബസ്ത ഗ്രാമത്തിൽ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം പിന്നീട് വീടിനു സമീപമുള്ള 15 അടി താഴ്ചയുള്ള കിണറിനുള്ളിൽ നിന്നും ലഭിച്ചു.

അമ്മയുടെ സമീപം ഉറങ്ങുകയായിരുന്ന ആൺ കുഞ്ഞിനെയാണ് കുരങ്ങുകൾ തട്ടിയെടുത്ത് ഓടിയത്. അമ്മ കരഞ്ഞു ബഹളം വച്ച് പുറകേയോടിയെങ്കിലും കുരങ്ങുകൾ കുട്ടിയുമായി അപ്പോഴേക്കും മറഞ്ഞിരുന്നു. ഗ്രാമവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പല സംഘങ്ങളായി അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് ഗ്രാമവാസികളും ബന്ധുക്കളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ സമീപത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കുരങ്ങുകൾ കൊണ്ടുപോകും വഴി കിണറിനുള്ളിൽ വീണതാകാമെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബങ്കി ഹോസ്പിറ്റലിൽ എത്തിച്ചു. 16 ദിവസം മുൻപ് ഇതേ ആശുപത്രിയിലാണ് മാസം തികയാത്ത കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുത്തത്.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുരങ്ങൻ‍മാരുടെ ശല്യം അടുത്തിടെയായി ഗ്രാമത്തിൽ വർദ്ധിച്ചു വരികയാണെന്നും ഇവ ജീവനും സ്വത്തിനും പതിവായി ഭീഷണിയാവുകയാണെന്നും ഗ്രാമവാസികൾ വ്യക്തമാക്കി.