ഗ്രിഗറ്റി ബ്രെട്ടണും സംഘവും കഴിഞ്ഞ നാലു വർഷമായി അന്വേഷിച്ചു നടക്കുകയായിരുന്നു അവയെ. അതും മൊറൊക്കോയിലെ സഹാറ മരുഭൂമിയുടെ മണൽക്കാടുകൾക്കിടയിൽ. ഇതിനോടകം 30 എണ്ണത്തെ കണ്ടെത്തി, 13 എണ്ണത്തിന് റേഡിയോ കോളറും ഘടിപ്പിച്ചു. പക്ഷേ എന്നിട്ടും അവരുടെ കൂട്ടത്തിലെ കുഞ്ഞന്മാരെ മാത്രം കണ്ടില്ല. ഒടുവിൽ 2013 മുതലുള്ള അധ്വാനത്തിന്റെ ഫലമായി ‘പാന്ഥറ ഫ്രാൻസ്’ എന്ന ആ ഗവേഷകസംഘത്തിലെ ഒരാൾക്കു മുന്നിൽ മൂന്നു കുഞ്ഞന്മാരെത്തി. ‘വൈൽഡ് സാൻഡ് ക്യാറ്റ്’ എന്നറിയപ്പെടുന്ന പൂച്ചക്കുഞ്ഞുങ്ങളെയായിരുന്നു ഗവേഷക സംഘം അന്വേഷിച്ചു കൊണ്ടിരുന്നത്. ആഫ്രിക്കൻ മേഖലയിൽ നിന്ന് ഇതാദ്യമായി മൂന്നു ‘വൈൽഡ് സാൻഡ്’ പൂച്ചക്കുഞ്ഞുങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും ചെയ്തു.
വിടർന്ന കണ്ണുകളും അതിനുള്ളിൽ തിളങ്ങുന്ന വലിയ കൃഷ്ണമണിയുമൊക്കെയായി പകച്ചു നോക്കുന്ന പൂച്ചകളുടെ വിഡിയോ പുറത്തു വിട്ടപ്പോൾ ജന്തുലോകത്തെ ഏറ്റവും മികച്ച ‘ക്യൂട്ട്’ കാഴ്ചകളില്‍ ഒന്നെന്നാണ് പരിസ്ഥിതി സ്നേഹികൾ പ്രകീർത്തിച്ചത്. അപൂർവങ്ങളില്‍ അപൂർവമായ കാഴ്ചയായതിനാൽ അതിനു ഭംഗിയും ഏറി. കാഴ്ചയിൽ നാടൻ പൂച്ചയെപ്പോലെയാണെങ്കിലും കണ്ണുകളാണ് ഇവയെ വേറിട്ടു നിർത്തുന്നത്. ഒപ്പം ദേഹത്ത് വരകൾ കുറവായിരിക്കും. മണലിന്റെ നിറമായതിനാൽ മരുഭൂമിയിൽ ഒളിച്ചിരിക്കാനും എളുപ്പം. മികച്ച വേട്ടക്കാരുമാണ്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറും ഇവയെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. വടക്കൻ ആഫ്രിക്ക, മധ്യപൗരസ്ത്യ ദേശം, മധ്യേഷ്യ എന്നിവിടങ്ങളിലെ മരുഭൂമികളിലാണ് ഈ പൂച്ചകളെ പ്രധാനമായും കാണുക. എന്നാൽ വിശാലമായിക്കിടക്കുന്ന മരുഭൂമികളിൽ ചിതറിയ നിലയിലാണ് ഇവയുടെ ജീവിതം. അതായത്, മരുഭൂമികളിൽ തന്നെ ചില പ്രത്യേക ഭാഗങ്ങളിലേ ഇവയെ കാണാനാകൂ.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ആഫ്രിക്കൻ മേഖലയിൽ നിന്ന് ഈ പൂച്ചകളിലെ നവജാതരുടെ വിഡിയോ ആദ്യമായി ലഭിച്ചത്. അതും രാത്രി രണ്ടു മണി സമയത്ത്. മണൽക്കാട്ടിൽ പൂച്ചകളെ അന്വേഷിച്ചു തിരിച്ചു വരുന്ന വഴി ഡോ.അലക്സാണ്ടർ സിൽവയ്ക്കു മുന്നിൽ അപ്രതീക്ഷിതമായിട്ടായിരുന്നു പൂച്ചക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ഏകദേശം ആറു മുതൽ എട്ടാഴ്ച വരെയായിരുന്നു കാഴ്ചയിൽ ഇവയുടെ പ്രായം. കഴിഞ്ഞ ദിവസം ഇവയെപ്പറ്റിയുള്ള പഠനം ആരംഭിച്ചതിന്റെ വിവരങ്ങളും പുറത്തുവിട്ടു സംഘം. മരുഭൂമിയിൽ ഒളിച്ചിരിക്കുന്ന രീതികൾ, സന്ധ്യയ്ക്കും രാത്രിയിലും സജീവമാകുന്ന ഇവരുടെ വേട്ടയാടൽ, പെട്ടെന്നു പിടിതരാതെ രക്ഷപ്പെട്ട് ഒളിച്ചു കളിക്കാൻ സഹായിക്കുന്നതെന്താണ് തുടങ്ങിയ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്.
മരുഭൂമിയിൽ ചില ഭാഗങ്ങളിൽ മാത്രം കാണുന്നതിന്റെ കാരണവും അന്വേഷിക്കും. ഫെലിസ് മാർഗരിറ്റ (Felis margarita) ആണ് വൈൽഡ് സാൻഡ് ക്യാറ്റിന്റെ ശാസ്ത്രനാമം. മരുഭൂമികളിലെ പല്ലികളും ചെറു എലികളുമൊക്കെയാണ് ഭക്ഷണം. മണൽക്കാട്ടിലെ ചെടികൾക്കിടയിലും മാളങ്ങളിലും പാറകൾക്കിടയിലുമൊക്കെയാണ് താമസം.
ഇത്തവണ കണ്ടെത്തിയ മൂന്നു പൂച്ചക്കുഞ്ഞുങ്ങൾക്കും റേഡിയോ കോളർ ഘടിപ്പിക്കാനായില്ല. പക്ഷേ സമീപത്തു കണ്ടെത്തിയ ഒരുപെൺപൂച്ചയ്ക്ക് കോളർ ഘടിപ്പിച്ചു. അത് ഈ കുഞ്ഞുങ്ങളുടെ അമ്മയാണെന്നാണു കരുതുന്നത്. അങ്ങനെയെങ്കിൽ, പൂച്ചക്കുഞ്ഞുങ്ങളെ നിരീക്ഷിക്കുക വഴി അവയുടെ കൃത്യമായ ജീവിതരീതി ഇതാദ്യമായി ലോകത്തിനു മുന്നിലെത്തും. പ്രത്യുൽപാദനരീതിയും കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് എങ്ങനെയാണെന്നതിനെപ്പറ്റിയുമെല്ലാം പഠിക്കും സംഘം. എല്ലാ വിവരങ്ങളും സാൻഡ് ക്യാറ്റ് സഹാറ റിസർച് സംഘത്തിന്റെ ഫെയ്സ്ബുക് പേജിൽ അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്.