കുരങ്ങന്മാർ വയോധികനെ കല്ലെറിഞ്ഞു കൊന്നു; എറിഞ്ഞത് ഇരുപതിലേറെ ഇഷ്ടികകൾ

കുരങ്ങൻമാർ വയോധികനെ കല്ലെറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ ബാഗ്പത്തിലെ തിക്രി ഗ്രാമത്തിലാണ് വിറകു ശേഖരിക്കാൻ പോയ ധരംപാൽ സിങ് (72) എന്നയാൾ മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ മുകളിൽനിന്നു കുരങ്ങൻമാരുടെ കൂട്ടം ധരംപാലിനു നേരെ ഇഷ്ടികയും മറ്റും എറിയുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കുരങ്ങൻമാർക്കെതിരെ ധരംപാലിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അപകട മരണമെന്നാണ് കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുരങ്ങൻമാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്ന നിലപാടിലാണ് ബന്ധുക്കൾ. ഇക്കാര്യവുമായി ഉന്നതാധികാരികളെ ബന്ധപ്പെടുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. രാംലീല ആഘോഷങ്ങൾക്ക് വിറകു ശേഖരിക്കാൻ പോയ ധരംപാലിനെ ആളൊഴിഞ്ഞ പഴയവീട്ടിനുള്ളിൽ നിന്നുള്ള ഇഷ്ടികയും മറ്റും ഉപയോഗിച്ചാണ് കുരങ്ങൻമാർ ആക്രമിച്ചത്.

ഇരുപതിലേറെ ഇഷ്ടിക ധരംപാലിനു നേരെ എറിഞ്ഞതായി സഹോദരൻ കൃഷ്ണപാൽ സിങ് പറഞ്ഞു. അതേസമയം കുരങ്ങൻമാർക്കെതിരെ കൊലക്കുറ്റത്തിനു കേസ് എങ്ങനെ റജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നാണ് പൊലീസിന്റെ ചോദ്യം. പ്രദേശത്തു കുരങ്ങൻമാരുടെ ശല്യം വർധിക്കുന്നുവെന്നും സ്വസ്ഥജീവിതം തടസ്സപ്പെടുന്നുവെന്നും ജനങ്ങൾ പരാതിപ്പെടുന്നു.