Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താങ്ങാകുമോ പൊങ്ങല്യം

pongalyam-gum മനോജും ബേബിയും പൊങ്ങല്യം പശയുമായി

∙ പൊങ്ങല്യത്തിന്റെ പശയ്ക്കു വിപണിമൂല്യം

പാഴ്മരമെന്നു വിധിച്ച് കിട്ടുന്ന കാശിനു വെട്ടിക്കൊടുത്ത് പൊങ്ങല്യത്തെ പറമ്പിൽ നിന്ന് ഒഴിവാക്കാൻ വരട്ടെ... പെരുമരം, മട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന പൊങ്ങല്യത്തിൽനിന്നു റബറിൽനിന്ന് എന്നതുപോലെ ടാപ്പിങ് നടത്തി പശയെടുത്തു സ്ഥിരവരുമാനം നേടാൻ വഴി തെളിയുന്നു.

എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിൽ പാമ്പ്ര നെല്ലിക്കുഴിയിൽ മനോജ് എൻ. പോൾ ആണ് കേരളത്തിൽ ഈ പുതിയ സംരംഭം പരിചയപ്പെടുത്തുന്നത്. പൊങ്ങല്യത്തിൽ ടാപ്പിങ് നടത്തി പട്ടയിൽ നിന്ന് ഊറിവരുന്ന പശ ശേഖരിച്ച് കർണാടകയിലേക്ക് അയയ്ക്കുകയാണ് മനോജ്. കിലോയ്ക്ക് 250 രൂപ കർഷകർക്കു നൽകി പശ വാങ്ങാൻ ഇദ്ദേഹം തയാർ. തീർന്നില്ല, വെട്ടി നീക്കുന്ന വെട്ടുപൂള് കിലോ 20 രൂപ നിരക്കിലും വാങ്ങും.

കർണാടകയിലെ ചന്ദനത്തിരി നിർമാണ ഫാക്ടറികളാണ് ഈ പ്രകൃതിദത്ത പശയുടെ ആവശ്യക്കാർ. മുൻകാലങ്ങളിൽ കർണാടകയിലെ വനങ്ങളിൽ വളരുന്ന പൊങ്ങല്യങ്ങൾ ലേലത്തിനെടുത്ത് പശ ശേഖരിക്കാമായിരുന്നു ഫാക്ടറികൾക്ക്. എന്നാൽ ഇതിനു കർണാടക സർക്കാർ ഈയിടെ നിയന്ത്രണം കൊണ്ടുവന്നതോടെ പശയ്ക്കു ക്ഷാമമായി. ഈ സാഹചര്യത്തിൽ കേരളത്തിൽനിന്ന് എത്ര കിലോ പശ കിട്ടിയാലും വാങ്ങാൻ ഫാക്ടറികൾ തയാറാണെന്ന് മനോജ്. കൊതുകുതിരി നിർമാണത്തിനാണ് വെട്ടുപൂള് പ്രയോജനപ്പെടുത്തുന്നത്.

നാലും അഞ്ചും മുതൽ, കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് നൂറും ഇരുനൂറും വരെ പൊങ്ങല്യങ്ങൾ വളരുന്ന കൃഷിയിടങ്ങൾ കേരളത്തിലുണ്ട്. കുരുമുളകു കൊടി കയറ്റാനുള്ള താങ്ങുമരമായി ഇവയെ പ്രയോജനപ്പെടുത്താറുമുണ്ട്. എങ്കിലും പറമ്പിൽ ചോല വിരിച്ചു പാഴ്മരമായി നിൽക്കുന്ന ഇവ 20-30 ഇഞ്ച് വണ്ണമെത്തുന്നതോടെ 4000-5000 രൂപയ്ക്കു വെട്ടിപ്പോകുകയാണ് പതിവ്. തീപ്പെട്ടി കമ്പനികളാണ് ഈ തടിയുടെ ആവശ്യക്കാർ. എന്നാൽ റബർ വിലയിടിവിന്റെ പശ്ചാത്തലത്തിൽ ചെറുതല്ലാത്ത സ്ഥിര വരുമാനം നേടാനുള്ള വഴിയാണ് പൊങ്ങല്യം ടാപ്പിങ്ങിലൂടെ മനോജ് തെളിച്ചു തരുന്നത്.

നാൽപ്പത് ഇഞ്ച് വണ്ണമെത്തിയാൽ പൊങ്ങല്യം പട്ടതെളിച്ചു വെട്ടിത്തുടങ്ങാം. 25-30 ഇഞ്ച് വണ്ണമെത്തുമ്പോൾതന്നെ മികച്ച തോതിൽ പശ നൽകുന്ന മരങ്ങളുണ്ടെന്ന് മനോജ് പറയുന്നു. മനോജിനു മണീടിലുള്ള പൊങ്ങല്യത്തോട്ടത്തിൽ നാൽപതോളം മരങ്ങൾ. വിവിധ വലുപ്പത്തിലുള്ള ഈ മരങ്ങളിൽ ടാപ്പിങ് നടത്തിവരുന്നു.

റബറിൽനിന്നു വ്യത്യസ്തമായി പൊങ്ങല്യം വെട്ടുന്നത് കുത്തനെ (90 ഡിഗ്രി)യാണ്. റബർകത്തിയിൽനിന്ന് വ്യത്യസ്തമായ രൂപത്തിൽ നിർമിച്ച കത്തികൊണ്ട് തടിയിൽ ചെന്നുമുട്ടുന്ന ആഴത്തിൽ രണ്ടടി നീളത്തിൽ പട്ടയൊരുക്കുന്നു. ഈ പട്ട മൂന്നു ദിവസത്തിലൊരിക്കൽ വെട്ടിയാണ് പശ ശേഖരിക്കുന്നത്. ഇതിന് റബർ വെട്ടാൻ വേണ്ട തരത്തിലുള്ള പരിശീലനവും പരിചയവും ആവശ്യമില്ലെന്നും കത്തി തടിയിൽ കൊണ്ടതുകൊണ്ട് മരത്തിന് കേടില്ലെന്നും മനോജ് പറയുന്നു.

റബറിലെന്നപോലെ ചില്ലും ചിരട്ടയുമെല്ലാം ഉപയോഗിച്ചാണ് പൊങ്ങല്യത്തിലും പശ ശേഖരിക്കുന്നത്. ഒരിക്കൽ വെട്ടിയ പട്ടയിൽനിന്ന് പശ നേരിയ അളവിൽ തുടർച്ചയായി ഒഴുകിക്കൊണ്ടേയിരിക്കും. മൂന്നു ദിവസത്തിലൊരിക്കൽ വെട്ടുതുടർന്ന് പശയുടെ ഒഴുക്ക് വർധിപ്പിക്കുന്നു. മഴക്കാലത്തും മരം വെട്ടാം. വെള്ളം വീണാലും പശ ഉറച്ചു പോകില്ല. എല്ലാ ദിവസവും പശയെടുക്കേണ്ടതുമില്ല. എട്ടോ പത്തോ വെട്ടുകൊണ്ട് ചിരട്ട നിറയാറാവുമ്പോൾ പശ ശേഖരിച്ച് അങ്ങനെതന്നെ വിൽക്കാം.

നാൽപ്പത് ഇഞ്ച് വളർച്ചയെത്തിയ ഒരു മരത്തിൽനിന്ന് വെട്ടു തുടങ്ങി മൂന്ന്നാല് മാസമെത്തുമ്പോഴേക്കും പൂർണതോതിൽ ഉൽപാദനം ലഭിച്ചു തുടങ്ങും. ഒന്നര വർഷം കൊണ്ട് ഒരു പട്ട വെട്ടി പൂർത്തിയാവും. അപ്പോൾ മുറിവ് മണ്ണും ചാണകവും കുഴച്ച് അടയ്ക്കുന്നു. ഏതാനും മാസങ്ങൾ കൊണ്ട് അവിടെ പുതിയ തൊലി വരും. ഇതിനിടെ, മറുവശത്ത് പുതിയ പട്ടയുണ്ടാക്കി ഇടവേളയില്ലാതെ വെട്ടു തുടരാം.

തന്റെ നാൽപതു മരങ്ങളിൽനിന്ന് മൂന്നു വെട്ടുകൊണ്ട് ആറു കിലോ പശ ലഭിച്ചുവെന്ന് മനോജ് പറയുന്നു. അതായത്, ഒരു വെട്ടിന് ഒരു മരത്തിൽ നിന്ന് 50 ഗ്രാം പശ. ഈ കണക്കുപ്രകാരം ഇരുപതു മരത്തിൽനിന്ന് ദിവസം 250 രൂപ വരുമാനം. എന്നാൽ വെട്ടു തുടങ്ങി 2-3 വർഷമെത്തുന്നതോടെ മരത്തിന്റെ ഉൽപാദനശേഷി വർധിക്കുമെന്നും ഒരു വെട്ടിനുതന്നെ ഒരു മരം 200 ഗ്രാം വരെ പശ നൽകുമെന്നും മനോജും വെട്ടിനു മേൽനോട്ടം വഹിക്കുന്ന സി.ജെ. ബേബിയും പറയുന്നു.

ഈ കണക്കു കേട്ട് ആരും റബർ വെട്ടിക്കളഞ്ഞ് പൊങ്ങല്യം പ്ലാന്റേഷനിലേക്ക് എടുത്തു ചാടേണ്ടതില്ല എന്നും മനോജ് ഓർമിപ്പിക്കുന്നുണ്ട്. കാരണം പൊങ്ങല്യം നാൽപ്പത് ഇഞ്ച് വണ്ണമെത്താൻ 10-12 കൊല്ലമെടുക്കും. നിലവിൽ മരമുള്ളവർക്ക് വെട്ടു തുടങ്ങാം. ഒപ്പം കൂടുതൽ മരങ്ങൾ മറ്റ് വിളകൾക്കിടയിൽ നട്ടുവളർത്തുകയുമാവാം.

കർണാടകയിലെ ഫാക്ടറികളുമായി ചേർന്ന് പശയെടുക്കൽ സംരംഭം മണീടിന് സമീപമുള്ള ആറോളം പഞ്ചായത്തുകളിലേക്കും മനോജ് വ്യാപിപ്പിച്ചിരിക്കുന്നു. സംശയങ്ങൾ പരിഹരിക്കാനും വെട്ടിൽ പരിശീലനം നൽകാനും മനോജ് തയാർ. ഫോൺ : 9446535939, 9946142113