അമ്മയിൽ നിന്നു തട്ടിയെടുത്ത നവജാതശിശുവിനെ കുരങ്ങൻ എറിഞ്ഞു കൊന്നു

Representative Image

വീടിനുള്ളിലിരുന്ന് കുഞ്ഞിനെ മൂലയൂട്ടിയ അമ്മയുടെ മടിയിൽ നിന്നും നവജാതശിശുവിനെ  കുരങ്ങൻ തട്ടിയെടുത്തു. ആഗ്രയിലാണ് ദാരുണമായ സംഭവം നടന്നത്. 12 ദിവസം മാത്രം പ്രായമുള്ള  ആൺ കുഞ്ഞിനെയാണ് കുരങ്ങൻ തട്ടിയെടുത്തുകൊണ്ടുപോയത്. നാട്ടുകാർ കുരങ്ങനെ പിന്തുടർന്നെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. നാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് കുരങ്ങൻ മറ്റൊരു വീടിന്റെ ടെറസിനു മുകളിൽ കടിച്ചു കുടഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കുയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാർ സ്ഥിരീകരിച്ചു.

സമീപ പ്രദേശങ്ങളിൽ ഈയിടെയായി കുരങ്ങുശല്യം രൂക്ഷമായതായി പ്രദേശവാസികൾ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നേരത്തെ കുരങ്ങന്മാരുടെ ആക്രമണങ്ങളെ കുറിച്ചു പരാതി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പലരും നേരിട്ടു പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുൻപ് മറ്റൊരു ബാലനും കുരങ്ങുകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.എന്നാൽ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല. 

വർധിച്ചു വരുന്ന നഗരവൽക്കരണവും സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശവുമാണ് കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലെത്താനുണ്ടായ കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നത്.