അടുത്ത സാമ്പത്തിക വർഷം അഞ്ചു ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാനാവുമെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി(എസ് എം ഐ പി എൽ)നു പ്രതീക്ഷ. 2016 — 17ൽ ആകെ 3.50 ലക്ഷത്തോളം യൂണിറ്റ് വിറ്റ സ്ഥാനത്താണിത്. വിൽപ്പന മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്കൂട്ടർ, മോട്ടോർ സൈക്കിൾ ശ്രേണിയിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. 125 മുതൽ 150 സി സി വരെ എൻജിൻ ശേഷിയുള്ള പ്രീമിയം വിഭാഗത്തിലാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു സുസുക്കി മോട്ടോർ സൈക്കിൾ വിപണന വിഭാഗം മേധാവി സുരേഷ് ബാബു അറിയിച്ചു.
പുതിയ മോഡൽ അവതരണങ്ങൾക്കൊപ്പം ഡീലർഷിപ് ശൃംഖല കാര്യക്ഷമമാക്കാനും നടപടിയെടുക്കും. രാജ്യത്തെ സുസുക്കിക്കുള്ള മൊത്തം ടച് പോയിന്റുകളുടെ എണ്ണം വർധിപ്പിക്കാനും നടപടിയുണ്ടാവും. നിലവിൽ 449 ഡീലർഷിപ്പടക്കം 893 ടച് പോയിന്റുകളാണ് സുസുക്കി മോട്ടോർ സൈക്കിളിന് ഇന്ത്യയിലുള്ളത്. 2017 — 18ൽ 100 പുതിയ ഡീലർഷിപ്പുകൾ കൂടി ആരംഭിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിക്കു മികച്ച വിൽപ്പനയുള്ള നഗര പ്രദശേങ്ങളിലാവും പുതിയ ഡീലർഷിപ്പുകളിൽ 80 ശതമാനവുമെന്നു സുരേഷ് ബാബു വെളിപ്പെടുത്തി. യമഹ ‘എഫ് സീ’, ഹോണ്ട ‘സി ബി ഹോണറ്റ്’, ബജാജ് ‘പൾസർ’ തുടങ്ങിയവയോടു മത്സരിക്കുന്ന ‘ജിക്സർ’ പ്രതിമാസം 7,000 — 8,000 യൂണിറ്റ് വിൽപ്പനയാണു കൈവരിക്കുന്നത്. പ്രതിവർഷം മൊത്തം 19 ലക്ഷത്തോളം ബൈക്കുകൾ വിറ്റഴിയുന്ന ഈ വിഭാഗത്തിൽ 3 — 4 വിപണി വിഹിതമാണു ‘ജിക്സറി’നുള്ളതെന്നും സുസുക്കി അവകാശപ്പെട്ടു.
പുത്തൻ നിബന്ധനകൾ നിലവിൽ വരുന്നതിനു മുന്നോടിയായി പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും സുസുക്കി തയാറെടുക്കുന്നുണ്ട്. 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള മോഡലുകളിൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) ലഭ്യമാക്കാനും നടപടി തുടങ്ങി. വരുന്ന ഒക്ടോബറിൽ എ ബി എസ് കർശനമാക്കുംമുമ്പു തന്നെ മെച്ചപ്പെട്ട സുരക്ഷ്ക്കായി ഈ സംവിധാനം ഏർപ്പെടുത്താനാണു സുസുക്കിയുടെ ശ്രമം. കൂടാതെ നിലവിൽ ‘ജിക്സറി’ലുള്ള ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ കൂടുതൽ മോഡലുകളിൽ ലഭ്യമാക്കാനും സുസുക്കി ആലോചിക്കുന്നുണ്ട്. രാജ്യത്ത് മലിനീകരണ നിയന്ത്രണ നിലവാരത്തിൽ പുതിയ നിബന്ധനകൾ നടപ്പാക്കുന്ന മുറയ്ക്കാവും ഈ പരിഷ്കാരം നടപ്പാക്കുക.