ലക്ഷ്വറി പെർഫോമൻസ് കാറുകൾ എല്ലാവരുടേയും സ്വപ്നമാണ്. അവയുടെ വിലയാണ് പലപ്പോഴും ആ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായി നിൽക്കാറ്. എന്നാൽ ഇനി ആ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാം കാരണം വില കുറഞ്ഞ പെർപോമൻസ് കാറുകളുമായി ബെൻസ് എത്തുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വില കുറഞ്ഞ പെർഫോമൻസ് കാറുകളുമായി എത്തുന്ന വിവരം മേഴ്സഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ റോളണ്ട് ഫോൾജർ അറിയിച്ചത്.
എൻജിൻ ശേഷിയും ഫീച്ചറുകളും കുറവുള്ള ഈ വാഹനങ്ങൾക്ക് മറ്റ് പെർഫോമൻസ് കാറുകളെക്കാൾ 50 ശതമാനത്തിൽ അധികം വില കുറവാണ് പ്രതീക്ഷിക്കുന്നത്. വില കൂടിയ പെർഫോമൻസ് കാറുകൾ സ്വന്തമാക്കിയാൽ അവയെ പൂർണ്ണമായും ഉപയോഗിക്കാൻ അല്ലെങ്കിൽ ആസ്വദിക്കാൻ ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ വെച്ച് സാധിക്കില്ല. അതുകൊണ്ടാണ് കൂടുതൽ പ്രായോഗികമായ എൻജിൻ ശേഷി കുറഞ്ഞ കാറുകൾ പുറത്തിറക്കാൻ ആലോചിക്കുന്നത്.
ഇത്തരത്തിലുള്ള എൻജിൻ ശേഷി കുറഞ്ഞ വാഹനങ്ങൾക്ക് ഇറക്കുമതി ചുങ്കവും കുറവായിരിക്കുമെന്നുമാണ് ഫോൾജർ പറഞ്ഞത്. രാജ്യാന്തര വിപണിയിൽ മെഴ്സഡീസ് ബെൻസ് വില കുറവുള്ള പെർഫോമൻസ് കാറുകളായ എസ് 43 എഎംജി, എസ് എൽ സി 43 എഎംജി, ജിഎൽഇ 43 എഎംജി തുടങ്ങിയ മോഡലുകൾ പുറത്തിറക്കിയിരുന്നു. ഈ കാറുകൾ ഇന്ത്യയിൽ എഎംജി ബ്രാൻഡിന് മികച്ച സ്വീകരണം നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെൻസിനെ കൂടാതെ എൻജിൻ ശേഷി കുറഞ്ഞ മോഡലുകൾ പോർഷെയും ബിഎംഡബ്ല്യുവും ഔഡിയും പുറത്തിറക്കിയിരുന്നു. 2 ലീറ്റർ എൻജിനുള്ള വാഹനങ്ങളുടെ പുറത്തിറക്കൻ കമ്പനിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് പോർഷെ ഇന്ത്യ മേധാവി പവൻ ഷെട്ടിയുടെ അഭിപ്രായം. നിലവിൽ പോർഷെ മാക്കാൻ ആർ 4, പോർഷെ 718 എന്നീ മോഡലുകളിലാണ് രണ്ടു ലീറ്ററിൽ താഴെ ശേഷിയുള്ള എൻജിനുകൾ ഉപയോഗിക്കുന്നത്. 2017 ൽ ഈ വാഹനങ്ങൾ പോർഷെക്ക് 20 ശതമാനം വളർച്ച നൽകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ഷെട്ടി പറഞ്ഞു.