ഹോളിവുഡ് സൂപ്പർതാരങ്ങൾക്കും ഗായകർക്കുമെല്ലാം സ്വകാര്യ വിമാനങ്ങൾ സ്വന്തമായുണ്ടെങ്കിലും ഇന്ത്യൻ താരങ്ങൾ പൊതുവേ ചാർട്ടർ ചെയ്ത വിമാനങ്ങളിലാണ് സഞ്ചരിക്കാറ്. എന്നാൽ മറ്റ് താരങ്ങളെ മറികടന്ന് പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഗായകൻ എന്ന പേര് സ്വന്തമാക്കിയിരിക്കുന്നു ദിൽജിത്ത്. താരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. വിമാനത്തിൽ സഞ്ചരിക്കുന്ന വിഡിയോയും ദിൽജിത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബി പോപ്പ് ഗായകനും നടനുമായ ദിൽജിത്ത് തേരേ നാൽ ലൗ ഹോഗയ, മേരി ഡാഡ് കി മാരുതി, സിങ് ഈസ് ബ്ലിങ്, ഉഡ്ത പഞ്ചാബി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അഭിനേതാവായും അരങ്ങേറ്റം കുറിച്ച ദിൽജിത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
അമേരിക്കൻ വിമാന നിർമാതാക്കളായ ബീച്ച് ക്രാഫ്റ്റിന്റെ ചെറു വിമാനമാണ് ദിൽജിത്ത് സ്വന്തമാക്കിയത്. എട്ടു പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന് 2334 കിലോമീറ്റർ വരെ ഒറ്റയടിക്ക് സഞ്ചരിക്കാനാവും. നാലു പ്രൊപ്പലർ വീതമുള്ള രണ്ട് എൻജിനുകൾ ഉപയോഗിക്കുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 504 കിലോമീറ്ററാണ്.