ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാക്ടർ നിർമാണശാല പഞ്ചാബിലെ ഹൊഷിയാർപൂരിൽ പ്രവർത്തനം തുടങ്ങി. ഇന്റർനാഷനൽ ട്രാക്ടർ ലിമിറ്റഡ്(ഐ ടി എൽ) സ്ഥാപിച്ച പുതിയ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി രണ്ടു ലക്ഷം യൂണിറ്റാണ്. ഇതിനു സമീപത്തു തന്നെ ഐ ടി എല്ലിന്റെ ഒരു ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ള ശാലയും പ്രവർത്തിക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് ഐ ടി എല്ലിന്റെ പുതിയ ശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഓരോ മൂന്നു മിനിറ്റിലും ഓരോ പുതിയ ട്രാക്ടർ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ശാലയാണു പ്രവർത്തനക്ഷമമായതെന്ന് ഐ ടി എൽ അവകാശപ്പെടുന്നു. ഓരോ ഷിഫ്റ്റിലും 225 ട്രാക്ടറുകൾ വീതമാണ് പുതിയ ശാലയിൽ നിർമിക്കാനാവുക. നിലവിൽ രണ്ടു ഷിഫ്റ്റിലായി 300 ട്രാക്ടറുകളാണു കമ്പനിയുടെ പ്രതിദിന ഉൽപ്പാദനം.
മാത്രമല്ല 20 എച്ച് പി മുതൽ 200 എച്ച് പി വരെ ശേഷിയുള്ള ട്രാക്ടറുകൾ നിർമിക്കാൻ പുതിയ സംയോജിത ശാലയ്ക്കു ശേഷിയുണ്ട്. പുതിയ ശാല പ്രവർത്തനക്ഷമമായ സാഹചര്യത്തിൽ 200 എച്ച് പി ശേഷിയുള്ള പുതു മോഡലുകൾ അവതരിപ്പിക്കാനും ഐ ടി എൽ തയാറെടുക്കുകയാണ്. മൊത്തം 500 കോടിയോളം രൂപ നിക്ഷേപിച്ചാണ് ഐ ടി എൽ വാർഷിക ഉൽപ്പാദന ശേഷി മൂന്നു ലക്ഷം യൂണിറ്റിലെത്തിച്ചത്. അണ്ടർ പിറ്റ് കൺവെയർ, ഫ്രീ കൺവെയർ, റോബോട്ടിക് പെയിന്റ് മെക്കാനിസം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം ഹൊഷിയാർപൂരിലെ ശാലയിലുണ്ട്. ഗീയർ, ട്രാൻസ്മിഷൻ, എൻജിൻ തുടങ്ങിയ അനായാസം അസംബ്ലി ലൈനിലെത്തിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷം മൊത്തം 1.20 ലക്ഷം ട്രാക്ടറുകൾ ഉൽപ്പാദിപ്പിക്കാനാണ് ഐ ടി എൽ ലക്ഷ്യമിട്ടിരിക്കുന്നത്; ഇതിൽ 60% ആഭ്യന്തര വിപണിയിൽ വിൽക്കാനാവുമെന്നും കമ്പനി കരുതുന്നു. 2016 — 17ൽ 81,531 യൂണിറ്റായിരുന്നു ഐ ടി എല്ലിന്റെ വിൽപ്പന. വാർഷിക വിൽപ്പനയിൽ 20 — 22% വളർച്ച കൈവരിച്ച് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലഭ്യമായ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിക്കാനാവുമെന്നാണ് ഐ ടി എല്ലിന്റെ പ്രതീക്ഷ.