Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചോറിലെ എച്ച് എം ടി ട്രാക്ടർ നിർമാണശാല പൂട്ടുന്നു

hmt-tractor

പ്രവർത്തനം നഷ്ടത്തിലായ സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനമായ എച്ച് എം ടിയുടെ പിഞ്ചോറിലെ ട്രാക്ടർ നിർമാണ വിഭാഗം പൂട്ടാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 2007ലെ ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയുള്ള സ്വയം വിരമിക്കൽ(വി ആർ എസ്) അല്ലെങ്കിൽ സ്വയം വിട്ടുപോകൽ(വി എസ് എസ്) പദ്ധതി പ്രകാരമാവും ട്രാക്ടർ നിർമാണശാലയിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുക. ഈ പദ്ധതികൾ നടപ്പാക്കി ശമ്പള കുടിശികയും മറ്റും തീർക്കാനായി എച്ച് എം ടിക്ക് 718.72 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ എച്ച് എം ടിക്കു ബെംഗളൂരുവിലും കൊച്ചിയിലുമുള്ള ഭൂമി പൊതുതാൽപര്യം മുൻനിർത്തി വിവിധ സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുവാദം നൽകി. ബാങ്കുകൾക്കും മറ്റുമുള്ള വായ്പ കുടിശിക അടക്കമുള്ള ബാധ്യതകളും വി ആർ എസ്, വി എസ് എസ്, എക്സ്ഗ്രേഷ്യ ചെലവുകളും ശമ്പള കുടിശിക, വേതനം തുടങ്ങിയവയുമെല്ലാം ഉൾപ്പടെയാണ് എച്ച് എം ടി ട്രാക്ടർ ഡിവിഷൻ പൂട്ടാൻ 718.72 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നത്.

വ്യവസായിക മുന്നേറ്റത്തിനായി മെഷീൻ ടൂൾസ് നിർമിക്കാൻ ലക്ഷ്യമിട്ട് 1953ലാണു ബെംഗളൂരുവിൽ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്(എച്ച് എം ടി) ആരംഭിച്ചത്. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയിലും നിർമാണ മേഖലയിലെ മുന്നേറ്റത്തിലും ഗണ്യമായ സംഭാവന നൽകാനും കമ്പനിക്കു കഴിഞ്ഞു. ട്രാക്ടർ നിർമാണത്തിനായി 1971ലാണു ഹരിയാനയിലെ പിഞ്ചോറിൽ എച്ച് എം ടി ശാല തുറന്നത്. എന്നാൽ പ്രവർത്തനം തുടർച്ചയായി നഷ്ത്തിലായതോടെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യാനാവാത്ത നിലയിലായിരുന്നു എച്ച് എം ടി ട്രാക്ടർ ഡിവിഷൻ. 2014 ജൂലൈ മുതൽ ജീവനക്കാരുടെ ശമ്പള കുടിശിക നിലനിൽക്കുന്ന ട്രാക്ടർ ഡിവിഷൻ 2013 നവംബർ മുതൽ നിയമപരമായ സാമ്പത്തിക ബാധ്യതകളും നിറവേറ്റിയിട്ടില്ല.

സാമ്പത്തിക ഉദാരവൽക്കരണം നടപ്പായതോടെയാണു ട്രാക്ടർ വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്കു നീങ്ങിയത്. പ്രവർത്തന ചെലവ് ഉയർന്നതും രാജ്യാന്തര തലത്തിലെ നിർമാതാക്കളിൽ നിന്നുള്ള മത്സരം വർധിച്ചതും കുറഞ്ഞ വിലയ്ക്കു വിദേശ നിർമിത വസ്തുക്കൾ ലഭ്യമായിത്തുടങ്ങിയതുമൊക്കെ കമ്പനിക്കു വെല്ലുവിളിയായി. വിൽപ്പന ഇടിഞ്ഞതോടെ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിക്കാത്തതും പ്രവർത്തന മൂലധനത്തിലെ പരിമിതകളുമൊക്കെ കമ്പനിക്കു വനിയായി. പോരെങ്കിൽ ട്രാക്ടർ വിഭാഗത്തിന്റെ പ്രവർത്തനം ലാഭത്തിലാക്കാൻ സ്വീകരിച്ച നടപടികളാവട്ടെ ഫലം കണ്ടതുമില്ല. 

Your Rating: