തകർപ്പൻ വിൽപ്പന നേടി മുന്നേറുന്ന ‘ഫോർച്യൂണറും’ ‘ഇന്നോവ ക്രിസ്റ്റ’യും സ്വന്തമാക്കാനുള്ള കാലതാമസം ഒഴിവാക്കാൻ നടപടിയെടുക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം). വിഭവശേഷി പരമാവധി വിനിയോഗിച്ചു സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഫോർച്യൂണറും’ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇന്നോവ ക്രിസ്റ്റ’യും വേഗത്തിൽ ലഭ്യമാക്കാൻ ശ്രമിക്കുമെന്നു ടി കെ എം ഡയറക്ടറും വിൽപ്പന — വിപണന വിഭാഗം വൈസ് പ്രസിഡന്റുമായ എൻ രാജ അറിയിച്ചു.
പുതിയ ‘ഫോർച്യൂണറും’ ‘ഇന്നോവ ക്രിസ്റ്റ’യും കർണാടകത്തിലെ ബിദഡിയിലുള്ള ആദ്യ ശാലയിലാണു നിർമിക്കുന്നത്. പ്രതിവർഷം ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാവുന്ന ശാലയുടെ 90 — 95% ശേഷി വിനിയോഗിക്കുന്നുണ്ട്. രണ്ടാം ശാലയിലെ 2.10 ലക്ഷം യൂണിറ്റ് കൂടിയാവുന്നതോടെ മൊത്തം 3.10 ലക്ഷം യൂണിറ്റാണു ടി കെ എമ്മിന്റെ വാർഷിക ഉൽപ്പാദനശേഷി. നിലവിൽ പുതിയ ‘ഫോർച്യൂണർ’ ലഭിക്കാൻ മൂന്നു മാസത്തോളം കാത്തിരിക്കേണ്ട സാഹചര്യമാണ്. ഇത് ഒഴിവാക്കാനാണു മുൻഗണന നൽകുകയെന്നു രാജ വ്യക്തമാക്കി. ‘ഇന്നോവ ക്രിസ്റ്റ’ ലഭിക്കാനാവട്ടെ ഒരു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
പുതിയ ‘ഫോർച്യൂണറി’ന്റെ ഇതുവരെയുള്ള വിൽപ്പന 12,200 യൂണിറ്റാണ്; 26.66 ലക്ഷം മുതൽ 31.86 ലക്ഷം രൂപ വരെയാണ് ‘ഫോർച്യൂണറി’ന്റെ ഷോറൂം വില. 2016 നവംബറിൽ വിൽപ്പനയ്ക്കെത്തിയ പരിഷ്കരിച്ച ‘ഫോർച്യൂണറി’ന് 20,180 ബുക്കിങ്ങുകളും ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം വിപണിയിലെത്തിയ പുതിയ ‘ഇന്നോവ ക്രിസ്റ്റ’യുടെ ഇതുവരെയുള്ള വിൽപ്പന 85,000 യൂണിറ്റിലേറെയാണ്. 14 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ വിലമതിക്കുന്ന ‘ഇന്നോവ ക്രിസ്റ്റ’യെ സംബന്ധിച്ചിടത്തോളം തകർപ്പൻ നേട്ടമാണിതെന്നു രാജ അഭിപ്രായപ്പെടുന്നു.
‘ഇന്നോവ ക്രിസ്റ്റ’ നിരത്തിലെത്തിയതിന്റെ ആദ്യ വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പതിപ്പായ ‘ഇന്നോവ ടൂറിങ് സ്പോർട്ടും’ ടി കെ എം അവതരിപ്പിച്ചിട്ടുണ്ട്. എസ് യു വി ശൈലിയിലുള്ള രൂപകൽപ്പനയോടെയെത്തുന്ന എം പി വിയെന്നാണു കമ്പനി ‘ഇന്നോവ ടൂറിങ് സ്പോർട്ടി’നെ വിശേഷിപ്പിക്കുന്നത്.