ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് എന്ന ബ്രിട്ടീഷ് വാഹന നിർമാതാക്കൾ. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവാണ് ലോകത്തെ ധനാഢ്യന്മാരുടെ പ്രിയ വാഹന ബ്രാന്‍ഡായ റോൾസ് റോയ്സിന്റെ ഉടമസ്ഥർ. ഫാന്റം, ഗോസ്റ്റ് തുടങ്ങിയ കാറുകളുള്ള കമ്പനി ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര കാറുമായി എത്തിയിരിക്കുന്നു.
12.8 ദശലക്ഷം ഡോളറാണ് (ഏകദേശം 84 കോടി രൂപ) റോൾസ് റോയ്സിന്റെ ഈ ആഡംബര കാറിന്റെ വില. സ്വെപ്ടെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ കാർ ഇറ്റലിയില്‍ വെച്ചുനടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ പുറത്തിറക്കി. ഒരു ഉപഭോക്താവിന്റെ ആവശ്യപ്രകാരമാണ് സ്വെപ്ടെയിൽ നിർമിച്ചതെന്നു സൂചിപ്പിച്ച കമ്പനി ഉപയോക്താവിന്റെ പേരു വെളിപ്പെടുത്താൻ തയ്യാറായില്ല.
1920–കളിലും, 1930–കളിലും പുറത്തിറങ്ങിയ ഫാന്റം മോഡലുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു പുതിയ കാർ നിർമിച്ചിരിക്കുന്നതെന്നു കമ്പനി പറയുന്നു. 2013–ൽ നിർമാണം ആരംഭിച്ച കാറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടു പേർക്കു മാത്രം സഞ്ചരിക്കാവുന്ന ഈ അത്യാഢംബര വാഹനത്തിനു ഫാന്റം മോഡലിനു സമാനമായ ഗ്രില്ലാണുള്ളത്. നീളമേറിയ ബോണറ്റും, ഗ്രില്ലും, എല്‍ഇഡി ലൈറ്റുകളുമാണ് സ്വെപ്ടെയിലിന്റെ മുൻഭാഗത്തെ പ്രത്യേകതകള്‍.
റൂഫ്‌ടോപില്‍ നിന്നും വശങ്ങളിലേക്ക് ചാഞ്ഞിറങ്ങുന്ന റിയര്‍–എന്‍ഡ് ഡിസൈനാണ് റോള്‍സ് റോയ്‌സ് നല്‍കിയിരിക്കുന്നത്. റൂഫ് മുഴുവനായി നിൽക്കുന്ന പനോരമിക് സണ്‍റൂഫ്, മൊക്കാസിന്‍, ഡാര്‍ക്ക് സ്‌പൈസ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി എബണി, പാള്‍ഡോ തടികളില്‍ ഒരുങ്ങിയ ഡാഷ്‌ബോര്‍ഡുകള്‍, മക്കാസര്‍ തടിയും ടൈറ്റാനിയം സൂചിയും ഉപയോഗിച്ചു നിര്‍മ്മിച്ച റോള്‍സ് റോയ്‌സ് ക്ലോക്ക് എന്നിവ ഇന്റീരിയറിന്റെ ആഡംബരം വര്‍ധിപ്പിക്കുന്നു. ഫാന്റം കൂപ്പെയില്‍ ഉപയോഗിച്ചിരിക്കുന്ന 6.8 ലീറ്റർ എൻജിനാണ് സ്വെപ്ടെയിലിലും. 460 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്.