സ്വയം ഓടുന്ന കാർ: പകർപ്പവകാശ അപേക്ഷയുമായി നിസ്സാൻ

NISSAN SELF-DRIVING CAR

സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യയുടെ പകർപ്പവകാശത്തിനായി ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയിലും അപേക്ഷ നൽകി. ഫെബ്രുവരി — മേയ് മാസങ്ങൾക്കിടയിലായാണു കമ്പനി പകർപ്പവകാശ അപേക്ഷകൾ സമർപ്പിച്ചത്. റോഡ് സാഹചര്യങ്ങൾ തിരിച്ചറിയാനും ആധുനിക ദിശാനിർണയ ഉപദേശങ്ങളിലൂടെ ഡ്രൈവറെ സഹായിക്കാനും മാർഗതടസ്സങ്ങളെ മറികടക്കാനും മുന്നിലുള്ള വാഹനങ്ങൾ തിരിച്ചറിയാനുമൊക്കെ കാറിനെ സഹായിക്കുന്ന ഇലക്ട്രോണിക് സബ് സിസ്റ്റങ്ങൾക്കുള്ള പകർപ്പവകാശ അപേക്ഷകളാണു നിസ്സാൻ സമർപ്പിച്ചിരിക്കുന്നത്. 

ഒറ്റ വരി ദേശീയപാതകളിൽ സ്വയം ഓടാൻ പര്യാപ്തമായ കാറുകൾ വികസിപ്പിക്കാൻ നിസ്സാൻ വികസിപ്പിക്കുന്ന ‘പ്രോ പൈലറ്റ്’ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിനുള്ള സാങ്കേതികവിദ്യകൾക്കുള്ള പകർപ്പവകാശ അപേക്ഷകളാണ് കമ്പനി സമർപ്പിച്ചിരിക്കുന്നതെന്നാണു സൂചന. ഏഴു വർഷം മുമ്പ് 2010ലാണു ചെറുകാറായ ‘മൈക്ര’യുമായി  നിസ്സാൻ ഇന്ത്യയിലെത്തിയത്. തുടർന്ന് 2011ൽ സെഡാനായ ‘സണ്ണി’യും 2013ൽ ഇടത്തരം എസ് യു വിയായ ‘ടെറാനൊ’യും വിൽപ്പനയ്ക്കെത്തി. ആഗോളതലത്തിൽ ആറാം സ്ഥാനത്തുള്ള നിർമാതാക്കളായ നിസ്സാനൊപ്പം  ബജറ്റ് ബ്രാൻഡായ ‘ഡാറ്റ്സൻ’, ആഡംബര ബ്രാൻഡായ ‘ഇൻഫിനിറ്റി’ എന്നിവയുമുണ്ട്. 

അതേസമയം, സ്വയം ഓടുന്ന കാർ സാങ്കേതിക വിദ്യയുടെ പകർപ്പവകാശത്തിനായി അപേക്ഷിച്ചതനോടു നിസ്സാൻ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇക്കൊല്ലം തന്നെ സ്വയം ഓടുന്ന വൈദ്യുത കാറായ ‘ലീഫ്’ ഇന്ത്യയിൽ പരീക്ഷണ ഓട്ടത്തിനെത്തുമെന്നു കമ്പനി സ്ഥിരീകരിക്കുന്നു. വൻതോതിലുള്ള വിൽപ്പന ‘ലീഫ്’ ലക്ഷ്യമിടുന്നില്ലെന്നും നിസ്സാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി ‘ലീഫി’ൽ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചാവും നിസ്സാൻ പ്രധാനമായും പഠനം നടത്തുക.