മലയാളത്തിന്റെ പ്രിയ നടനാണ് സൗബിൻ സഹീർ. ക്രിസ്പിനായും സുമേഷായും പിടി സാറായുമൊക്കെ മലയാളികളെ രസിപ്പിച്ച താരം തികഞ്ഞൊരു ബൈക്ക് പ്രേമിയാണ്. ബൈക്കിലെ ദൂരയാത്രകളെ സ്നേഹിക്കുന്ന സൗബിന് ഹാർലി ഡേവിഡ്‌സണിന്റെ സ്ട്രീറ്റ് 750 സ്വന്തമായുണ്ട്. ഇപ്പോഴിതാ, ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ മോട്ടോ ഗുസിയുടെ കലിഫോർണിയയിൽ ഒരു കൈ പരീക്ഷിക്കുകയാണ് സൗബിൻ.
കൊച്ചിയിലെ മോട്ടോഗുസി ഷോറൂമിൽ നിന്നാണ് സൗബിൻ കാലിഫോർണിയ ടെസ്റ്റ്ഡ്രൈവ് ചെയ്തത്. പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസിയുടെ സൂപ്പർ ക്രൂയിസർ ബൈക്കാണ് കലിഫോർണിയ. 1971 മുതൽ രാജ്യാന്തര വിപണിയിലുള്ള ബൈക്ക് ഇന്ത്യയിലെത്തുന്നത് ഈ വര്‍ഷമാണ്.
1380 സി സി 90 ഡിഗ്രി വി ട്വിൻ എൻജിനാണ് കലിഫോർണിയയിലുള്ളത്. 6500 ആർ പി എമ്മിൽ 96 ബി എച്ച് പി കരുത്തും 3000 ആർ പി എമ്മിൽ 120 എൻ എം ടോർക്കും നൽകാൻ ശേഷിയുള്ളതാണ് എൻജിന്‍. ആറു സ്പീഡ് ഗിയർ ബോക്സ്. ഏകദേശം 22 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.