പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസും സഖ്യധാരണയിലെത്തിയത് അടുത്തിടെയാണ്. തുടക്കത്തിൽ 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ട്രയംഫ് ആലോചിച്ചിരുന്നു. എന്നാൽ ശ്രമം ഉപേക്ഷിച്ച് ബജാജുമായി സഹകരിച്ച് വില കുറഞ്ഞ 750 സിസി ബൈക്ക് നിർമിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് വാർത്തകൾ.
റോയൽ എൻഫീൽഡ് മിഡ് വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് ഉടൻ പുറത്തിറക്കുന്ന 750 സിസി ബൈക്കുമായിട്ടായിരിക്കും ബജാജ്–ട്രയംഫ് ബൈക്ക് മത്സരിക്കുക. ഹിമാലയനു ശേഷം റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പുതിയ മോഡലുമായിരിക്കും 750 സിസി ബൈക്ക്. ആഗോളതലത്തിലെ മുൻനിര ബൈക്ക് നിർമാതാക്കൾക്കൊപ്പം ഇടംപിടിക്കാനുള്ള ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മോഹങ്ങൾക്കു കരുത്തേകുന്ന നീക്കമാണ് ട്രയംഫുമായുള്ള കൂട്ടുകെട്ട്.
ഓസ്ട്രിയൻ ബ്രാൻഡായ ‘കെ ടി എമ്മി’നൊപ്പം ‘ട്രയംഫും’ കൂട്ടു ചേരുന്നതോടെ എമേർജിങ് വിപണികളിൽ വിപണനം വ്യാപിപ്പിക്കാൻ ബജാജിനാവുമെന്നാണു പ്രതീക്ഷ. കൂടാതെ പുണെയ്ക്കടുത്ത് ചക്കനിലെ ശാല ഭാവിയിൽ ട്രയംഫിന്റെയും ഉൽപ്പാദന, കയറ്റുമതി കേന്ദ്രമായി മാറും; നിലവിൽ ‘കെ ടി എം’, ‘ഹസ്ക്വർണ’ ശ്രേണിയിലെ ബൈക്കുകളാണു ബജാജ് ചക്കനിൽ നിർമിക്കുന്നത്.
കർണാടകത്തിൽ പ്രഖ്യാപിച്ച 850 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നിർമാണശാല പദ്ധതിയിൽ നിന്നു ട്രയംഫ് കഴിഞ്ഞ വർഷം പിൻമാറിയിരുന്നു. ഇതിനു പകരമായി ബജാജിന്റെ ചക്കനിലെ ശാല പ്രയോജനപ്പെടുത്താനാവും ട്രയംഫിന്റെ പുതിയ നീക്കം.നിലവിലുള്ള ബജാജ് — കെ ടി എം സഖ്യ മാതൃകയാവും ട്രയംഫും പിന്തുടരുകയെന്നാണു സൂചന.