ആഡംബര, വലിയ കാറുകളുടെയും എസ്‌യുവികളുടെയും സെസ് 15 ശതമാനത്തിൽ നിന്നു 25% വരെയാക്കാൻ അനുവദിക്കുന്ന ഓർഡിനൻസിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗൺസിലിന്റെ ശുപാർശ അനുസരിച്ചാണ് തീരുമാനം. കഴിഞ്ഞ അഞ്ചിനു ചേർന്ന ജിഎസ്ടി കൗൺസിലിൽ ആഡംബര, വലിയ കാറുകളുടെ സെസ് നിരക്കു വർധിപ്പിക്കാൻ നിർദേശിച്ചിരുന്നു. 28% ജിഎസ്ടി നിരക്കിനു പുറമെയാണ് സെസും ഈടാക്കുന്നത്.
ജിഎസ്ടി നടപ്പാക്കുന്നതിനു മുൻപ് ഇത്തരം കാറുകളുടെ ആകെ നികുതി നിരക്ക് 52–54.72 ശതമാനമായിരുന്നത് ജിഎസ്ടി നടപ്പാക്കിയതിനു ശേഷം 43 ശതമാനമായി കുറഞ്ഞിരുന്നു. ഹൈദരാബാദിൽ ഒൻപതിനു നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നു കരുതുന്നു. കൗൺസിലാണ് ഏതൊക്കെ ഇനം വാഹനങ്ങൾക്ക് എത്ര നിരക്ക് ഈടാക്കണമെന്നും എന്നു മുതൽ വർധന നടപ്പാക്കണമെന്നും തീരുമാനിക്കുക.
വില കൂടുന്നത് മിഡ് സൈസ് മുതൽ
നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകളൊഴിച്ച് ബാക്കി എല്ലാ വാഹനങ്ങൾക്കും വില ഉയർന്നേക്കും. എക്സ്ഷോറും വിലയിൽ പത്തു ശതമാനം വരെ വർദ്ധനവ് വന്നേക്കാം. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ആഡംബര വാഹനങ്ങൾക്കും എസ് യു വികൾക്കും വലിയ തോതിൽ വില കുറഞ്ഞിരുന്നു. ആ വിലക്കുറവ് ഇനി ഇല്ലാതാകും.
വളർച്ച തടയുന്ന നീക്കം: കാർ നിർമാതാക്കൾ
ന്യൂഡൽഹി ∙ എസ്‌യുവികളുടെയും വലിയ കാറുകളുടെയും ജിഎസ്ടി സെസ് ഉയർത്താനുള്ള ശുപാർശ സർക്കാർ ശരിവച്ചത് വളർച്ചയെ ബാധിക്കുമെന്ന് ആഡംബര കാർ നിർമാതാക്കൾ. സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനു പകരം തിരക്കിട്ടു നികുതി കൂട്ടുന്നത് പ്രീമിയം കാർ വിപണിയുടെ വളർച്ച തടയുമെന്ന് മെഴ്സിഡീസ് ബെൻസ് ഇന്ത്യാ മേധാവി റോളൻഡ് ഫോൾഗർ പറഞ്ഞു.
ആറു മാസമെങ്കിലും ജിഎസ്ടിയുടെ പ്രതിഫലനം നിരീക്ഷിച്ച ശേഷം നിരക്കുകളിൽ മാറ്റം വരുത്തുന്നതു പരിഗണിച്ചാൽ മതിയായിരുന്നു.
എണ്ണം കുറവാണെങ്കിലും മൊത്തം കാർ വിപണിയുടെ 10% മൂല്യം ആഡംബര കാർ വിപണിക്കുണ്ട്. നികുതി ഉയർത്താതിരുന്നാൽ വിൽപന കൂടുന്നതുവഴി സർക്കാരിനു കൂടുതൽ നികുതി വരുമാനം ലഭിക്കുമെന്ന് ഔഡി ഇന്ത്യാ മേധാവി റാഹിൽ അൻവാരി പറഞ്ഞു.
നികുതി താഴ്ന്നതോടെ വിൽപന ഉയർന്നതുവഴി രാജ്യത്ത് ആഡംബര കാർ വിപണിയിൽ കൂടുതൽ മുതൽമുടക്കും തൊഴിൽ ലഭ്യതയും ഉണ്ടാകുമായിരുന്നെന്ന് ജാഗ്വാർ ലാൻഡ്റോവർ ഇന്ത്യാ മേധാവി രോഹിത് സുരി പറഞ്ഞു. ഏതൊക്കെ വിഭാഗങ്ങളിൽ എത്ര വീതമാണു വർധന എന്നതു വ്യക്തമായിട്ടില്ലെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.