Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിയിൽ വലഞ്ഞ് കേന്ദ്രം

Author Details
cartoon-image-1

പ്രധാനമന്ത്രി എന്ന നിലയിലും  രാഷ്ട്രീയത്തിലെ ഒറ്റയാൾശക്തി എന്ന നിലയിലും നരേന്ദ്രമോദിക്ക് 2018 ഏറ്റവും പ്രയാസകരമായ രാഷ്ട്രീയവർഷമായാണു വിലയിരുത്തപ്പെടുന്നത്. മോശം പ്രകടനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുമായി മോദിക്കു നിരന്തരം പൊരുതേണ്ടിവന്നതായി, പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ നയങ്ങളുടെയും തുറന്ന പ്രതിരോധകനായ ധനമന്ത്രി അരുൺ ജയ്റ്റ്ലി പലവട്ടം സമ്മതിച്ചിട്ടുണ്ട്. സർക്കാരിന്റേതു മികച്ച പ്രകടനം തന്നെയാണെന്ന നിലപാടിൽ ധനമന്ത്രിയും ഉറച്ചുനിൽക്കുന്നു.

നരേന്ദ്രമോദിയെയും ജയ്റ്റ്ലിയെയും വേട്ടയാടുന്ന ഒടുവിലത്തെ കാഴ്ചപ്പാടു പ്രശ്നം ചരക്ക്, സേവന നികുതിയുമായി (ജിഎസ്‌ടി) ബന്ധപ്പെട്ടുള്ളതാണ്. അത് രാജ്യത്തെമ്പാടുമുള്ള ചെറുകിട വ്യവസായികളെയും കച്ചവടക്കാരെയും സർ‍ക്കാരിൽനിന്നകറ്റി. രാഹുൽ ഗാന്ധിക്കു ലഭിച്ച ഏറ്റവും ഫലപ്രദമായ ആയുധമായി ജിഎസ്‌ടി മാറി. തന്റെ തന്നെ പാർട്ടിയുടെ ധനകാര്യവിദഗ്ധരെ തള്ളിയാണ് അദ്ദേഹം അതിനെ ഗബ്ബർ സിങ് ടാക്സ് എന്നുപറഞ്ഞ് ആക്രമിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി രാഹുൽ ആവശ്യപ്പെടുന്നത് ഏകനിരക്കിലുള്ള ജിഎസ്‌ടിക്കുവേണ്ടിയാണ്. എന്നാൽ, കർണാടകയിൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ക്ഷേമപദ്ധതികൾക്കായി ഉയർന്ന ജിഎസ്‌ടി നിരക്കുകൾ വേണമെന്നു വാദിച്ച നേതാവാണ്.

ജിഎസ്‌ടി പ്രശ്നത്തിൽ കോൺഗ്രസിനു ചെവി കൊടുക്കാതിരിക്കാൻ നരേന്ദ്രമോദിക്കു മൂന്നു കാരണങ്ങളുണ്ട്. ഒന്നാമതായി, രാഹുലുമായി യോജിക്കേണ്ടി വരുന്നതിനെ അദ്ദേഹം വെറുത്തു. പകരം കോൺഗ്രസ് അധ്യക്ഷന്റേതു വലിയ മണ്ടൻ ചിന്തയാണെന്ന പ്രത്യാക്രമണം അഴിച്ചുവിട്ടു. രണ്ടാമതായി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ വിശ്വസിപ്പിച്ചു കൂടെനിർത്താനാകുമെന്നു ജയ്റ്റ്ലിയും മോദിയും കരുതി. എപ്പോഴും പുതിയ പുതിയ വരുമാനമാർഗങ്ങൾ തേടുന്ന കേരളം വരെ, പ്രളയാന്തര പുനരധിവാസ പദ്ധതികൾക്കായി ജിഎസ്‌ടിയിൽ പ്രത്യേക സെസ് ആവശ്യപ്പെട്ടു. മൂന്നാമതായി, വലിയ ബാങ്കുകൾ ധനഞെരുക്കത്തിലായതോടെ സർക്കാർ ചെലവുകൾക്കു കൂടുതൽ പണം കണ്ടെത്തേണ്ട അവസ്ഥയിലായി കേന്ദ്രം. 

ഈ വർഷാരംഭത്തിൽ, സ്വാധീനശക്തികളായ സൂറത്തിലെ ബിസിനസുകാരാണു ബിജെപി അധ്യക്ഷൻ അമിത് ഷായോടു ജിഎസ്‌ടി നിരക്കുകൾ വളരെ ദുഷ്കരമാണെന്ന് ആദ്യം തുറന്നടിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ സ്വാധീനം നഷ്ടമാകുന്നതിൽ ഖിന്നനായ ഷാ ഉടൻ മോദിയോടു ഗുജറാത്തിനെ ബാധിക്കുന്ന ജിഎസ്ടി നിരക്കുകളിൽ ഇളവ് ആവശ്യപ്പെട്ടു. കേന്ദ്രം തിടുക്കത്തിൽ ഇളവുകൾ അനുവദിക്കുകയും ചെയ്തു.  

ഗുജറാത്തിൽ ബിജെപി നേരിയ ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിർത്തിയത്. പിന്നാലെ കർണാടക നേരിയ വ്യത്യാസത്തിനു നഷ്ടമാകുകയും ചെയ്തു. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട കൂടുതൽ പ്രശ്നങ്ങളിലേക്കാണു തുടർന്നുള്ള മാസങ്ങളിൽ മോദി ചെന്നുപെട്ടത്. അതിനിടെ, ജിഎസ്‌ടി പൂർണമായി ഒഴിവാക്കിക്കൊണ്ട്, മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി 92–ാം വയസ്സിൽ തിരിച്ചെത്തിയ മഹാതിർ മുഹമ്മദുമായി നീണ്ട ചർച്ച തന്നെ മോദി നടത്തുകയുണ്ടായി. 

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നഗരമേഖലകളിൽ പിന്തുണ കുറഞ്ഞതിനൊപ്പം, തന്നെ പിന്തുണയ്ക്കുന്ന ബിസിനസ് വിഭാഗങ്ങൾ ധൈര്യത്തോടെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തതോടെ മോദിക്ക് ഒരു യാഥാർഥ്യം മനസ്സിലായി–കണിശമായ സമീപനം ഗുണം ചെയ്യുകയില്ല. ഉയർന്ന നിരക്കുകൾ ചുമത്തിയിരുന്ന ഉൽപന്നങ്ങളിൽ ഇളവുകൾ നൽകാൻ സർക്കാർ ഇതോടെ നിർബന്ധിതരായി. ഇളവുകൾ പ്രഖ്യാപിച്ച മോദി ഇതു തന്റെ നേട്ടമായി അവകാശപ്പെട്ടു. കൂടുതൽ നികുതി ഇളവുകൾ ഉണ്ടാകുമെന്നും പറഞ്ഞു.

ഇന്ത്യയിലുണ്ടായ ഏറ്റവും മഹത്തായ സാമ്പത്തിക പരിഷ്കരണം എന്നു ജിഎസ്ടിയെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നേരിടുന്ന വലിയ വെല്ലുവിളി നികുതിദായകരുടെ സൗഹൃദം നേടിയെടുക്കലാണ്. തന്റെ വ്യക്തിമുദ്ര പതിഞ്ഞ ഒരു വിഷയമെന്ന നിലയിൽ ജിഎസ്‌ടി ഇളവുകൾ, ബിജെപിക്കു വലിയ സംഭാവനകൾ നൽകുന്നവരോടും അവരെ പിന്തുണയ്ക്കുന്നവരോടും രാഹുലിനും ഇത് തന്റെ നേട്ടമായി അവതരിപ്പിക്കാനാകും.