‘മാൾബറൊ’ ബന്ധം തുടരാൻ ഫെറാരി

Ferrari

സിഗററ്റ് നിർമാതാക്കളായ ഫിലിപ് മോറിസ് ഇന്റർനാഷനലുമായുള്ള പരസ്യ കരാർ തുടരാൻ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ഇറ്റാലിയൻ ടീമായ ഫെറാരി തീരുമാനിച്ചു. പ്രത്യക്ഷത്തിൽ ദൃശ്യമല്ലെങ്കിൽ പോലും കായിക മേഖലയിലെ തന്നെ ഏറ്റവും കാലപ്പഴക്കമേറിയ പങ്കാളിത്തങ്ങളിലൊന്നാണു ഫെറാരിയും ‘മാൾബറൊ’ നിർമാതാക്കളായ ഫിലിപ് മോറിസ് ഇന്റർനാഷനലുമായുള്ളത്. സഹകരണം തുടരുമെന്ന പ്രഖ്യാപനത്തിൽ പോലും സ്പോൺസർഷിപ് തുക സംബന്ധിച്ചോ കാലാവധിയെക്കുറിച്ചോ സുചന നൽകാൻ ഫെറാരി സന്നദ്ധമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഫോർമുല വൺ കാറുകളിൽ സിഗററ്റ് പരസ്യത്തിന് ഏർപ്പെടുത്തിയ വിലക്കിനെ പോലും അതിജീവിച്ചാണു ഫെറാരിയും ഫിലിപ് മോറിസുമായുള്ള കരാർ നാലു പതിറ്റാണ്ടിലേറെയായി തുടരുന്നത്. പരസ്യ വിലക്ക് പ്രാബല്യത്തിലെത്തിയ പിന്നാലെ മറ്റു സിഗററ്റ് നിർമാതാക്കൾ എഫ് വൺ ടീമുകളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ഫെറാരിക്കൊപ്പം അദൃശ്യസാന്നിധ്യമായി തുടരാനായിരുന്നു ‘മാൾബറൊ’ നിർമാതാക്കളുടെ തീരുമാനം. സ്പോൺസർഷിപ് നിലനിൽക്കുമ്പോഴും 2007 സീസണു ശേഷം ‘മാൾബറൊ’ പരസ്യം പതിക്കാതെയാണു ഫെറാരിയുടെ കാറുകൾ മത്സരത്തിനിറങ്ങുന്നത് എന്നും ഓർക്കണം. 

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരിയുടെ മുഖമുദ്രയാണു ചുവപ്പ് നിറം. ഫോർമുല വൺ കാറുകളിലും ടീം സ്വീകരിച്ചിരിക്കുന്നത് ചുവപ്പിനൊപ്പം വെളുപ്പിന്റെ കൂടി സങ്കലനമാണ്; ‘മാൾബറൊ’യുടെ പരമ്പരാഗത ബ്രാൻഡിങ്ങിലെ നിറങ്ങളും ഇവ തന്നെ എന്നതാണ് ഈ കൂട്ടുകെട്ടിന്റെ ചാരുത. അതുകൊണ്ടാവാം പേരും പരസ്യവുമൊക്കെ ഒഴിവാക്കിയാൽ പോലും ഫെറാരിയുടെ ചുവപ്പ് പടക്കുതിരികളെ കാണുമ്പോൾ ആരാധകർക്ക് ‘മാൾബറൊ’യെ ഓർമ വരുന്നത്.

മാത്രമല്ല, ഫെറാരി ടീം മേധാവിയായ മൗറീസിയൊ അറിവാബീൻ മുമ്പ് ഫിലിപ് മോറിസ് ഇന്റർനാഷനിൽ ജോലി ചെയ്തിരുന്നു. ഫെറാരി ചെയർമാൻ സെർജിയൊ മാർക്കിയോണിയാവട്ടെ ഫിലിപ് മോറിസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമാണ്. പുകയില നിർമാതാക്കളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് 2007ൽ തന്നെ യൂറോപ്യൻ യൂണിയൻ ആരോഗ്യ കമ്മിഷണർ ഫെറാരിക്കു നിർദേശം നൽകിയിരുന്നതാണ്. കായിക ഇനങ്ങളിൽ സിഗററ്റ് പരസ്യം തുടരുന്നത് പുകയില നിരോധനത്തിന്റെ അന്തഃസന്തയ്ക്കു വിരുദ്ധമാണെന്നായിരുന്നു കമ്മിഷന്റെ നിലപാട്.

തുടർന്നു 2010ൽ കാറുകളിൽ പതിച്ചിരുന്ന ബാർ കോഡ് മുദ്ര നീക്കാനും ഫെറാരി നിർബന്ധിതരായി; ‘മാൾബറൊ’യ്ക്കു വേണ്ടിയുള്ള ബോധാതീതമായ പരസ്യമായിരുന്നു ഈ ബാർ കോഡ് എന്നായിരുന്നു ആക്ഷേപം.  ചുവപ്പ് നിറവും ബാർ കോഡുമൊക്കെ കണ്ടാൽ ജനം പുകവലിക്കുമെന്നു കരുതുന്നത് പമ്പര വിഡ്ഢിത്തമാണെന്നായിരുന്നു അന്നത്തെ ഫെറാരി പ്രസിഡന്റ് ലുക ഡി മൊണ്ടെസ്മെലൊയുടെ മറുപടി.  കോഡും ബ്രാൻഡുമായി ബന്ധമില്ലെങ്കിലും വിവാദം വേണ്ടെന്നു കരുതി ഈ മുദ്ര ഒഴിവാക്കുകയാണെന്നും ഫെറാരി പ്രഖ്യാപിച്ചിരുന്നു.