യൂറോപ്യൻ നിർമാതാക്കൾക്കു ടയറുമായി അപ്പോളൊ

ഫോക്സ്‌വാഗനും ഫോഡുമൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ നിർമിക്കുന്ന വാഹനങ്ങൾക്കുള്ള ടയർ ലഭ്യമാക്കാൻ അപ്പോളൊ ടയേഴ്സ് രംഗത്ത്. ജർമൻ നിർമാതാക്കളായ ഫോക്സ്വാഗനും യു എസിൽ നിന്നുള്ള ഫോഡിനും ടയർ നൽകിത്തുടങ്ങിയതായും അപ്പോളൊ ടയേഴ്സ് അറിയിച്ചു.

അപ്പോളൊ ടയേഴ്സ് ശ്രേണിയിലെ പ്രീമിയം ബ്രാൻഡായ റെഡ്സ്റ്റീനാണ് ഇരു നിർമാതാക്കളും തിരഞ്ഞെടുത്തിരിക്കുന്നത്. ഫോക്സ്വാഗൻ ‘പോളൊ’, സീറ്റ് ‘ഇബിസ’, ഫോഡ് ‘ഇകോസ്പോർട്’ എന്നിവയാണു തുടക്കത്തിൽ അപ്പോളൊ ടയേഴ്സിന്റെ റെഡ്സ്റ്റീനുമായി യൂറോപ്യൻ നിരത്തുകളിലെത്തുക. ആദ്യഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ റീപ്ലേസ്മെന്റ് വിപണിയിലായിരുന്നു അപ്പോളൊ ടയേഴ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഫോക്സ്വാഗൻ, സീറ്റ്, ഫോഡ് തുടങ്ങിയ പ്രമുഖ നിർമാതാക്കളുടെ സപ്ലൈ ചെയിനിൽ ഇടംപിടിക്കാനായതു കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമാണെന്നായിരുന്നു അപ്പോളൊ ടയേഴ്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീരജ് കൺവറുടെ പ്രതികരണം. യാത്രാവാഹന ടയറുകൾ ലഭ്യമാക്കാൻ മറ്റു പല നിർമാതാക്കളുമായുള്ള ചർച്ചകളും അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹംഗറിയിലെ നിർമാണശാലയിൽ നിന്നാവും യൂറോപ്പിലെ വാഹന നിർമാതാക്കൾക്ക് ആവശ്യമായ ടയറുകൾ അപ്പോളൊ ടയേഴ്സ് ലഭ്യമാക്കുക. ഇന്ത്യയിലും പ്രമുഖ വാഹന നിർമാതാക്കൾ പലരും ഒ ഇ എം വ്യവസ്ഥയിൽ അപ്പോളൊ ടയേഴ്സ് ഉപയോഗിക്കുന്നുണ്ട്.