ജിഎസ്ടി: ഇന്നോവ ക്രിസ്റ്റയ്ക്ക് 78000 രൂപയും ഫോർച്യൂണറിന് 1.60 ലക്ഷം രൂപയും വർധിച്ചു

Innova & Fortuner

ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രകാരമുള്ള അധിക സെസ് നിരക്കുകൾ പരിഷ്കരിച്ചതോടെ വാഹന വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) തീരുമാനിച്ചു. കമ്പനി ഇന്ത്യയിൽ വിൽക്കുന്ന വിവിധ മോഡലുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. വലിയ കാറുകളുടെയും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുടെയും നികുതിയിൽ രണ്ടു മുതൽ ഏഴു ശതമാനം വരെ വർധനയ്ക്കാണ് ജി എസ് ടി കൗൺസിൽ നിർദേശിച്ചത്. ഈ തീരുമാനം നടപ്പായതോടെ ‘ഫോർച്യൂണറി’ന് 1.60 ലക്ഷം രൂപ വിലയേറിയപ്പോൾ ‘പ്ലാറ്റിനം എത്തിയോസ്’ വിലയിലെ വർധന 13,000 രൂപയുടേതാണ്.

ജി എസ് ടി നിരക്ക് ഭേദഗതി ചെയ്ത ഓർഡിനൻസ് ഇറങ്ങിയ സാഹചര്യത്തിലാണു വാഹന വില വർധിപ്പിക്കുന്നതെന്നു ടി കെ എം ഡയറക്ടറും മാർക്കറ്റിങ്, സെയിൽസ് സീനിയർ വൈസ് പ്രസിഡന്റുമായ എൻ രാജ അറിയിച്ചു. ഇതോടെ വാഹനങ്ങളുടെ വിലകൾ ജി എസ് ടി നടപ്പാവുന്നതിനു മുമ്പുള്ള നിലവാരത്തിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡൽഹിയിൽ ‘ഇന്നോവ ക്രിസ്റ്റ’യ്ക്ക് 78,000 രൂപ ഉയരുമ്പോൾ ‘ഫോർച്യൂണറി’ന്റെ വില വർധന 1.60 ലക്ഷം രൂപയാണ്. ‘കൊറോള ഓൾട്ടിസി’ന്റെ വിലയിൽ 72,000 രൂപയുടെയും ‘പ്ലാറ്റിനം എത്തിയോസി’ന്റെ വിലയിൽ 13,000 രൂപയുടെയും വർധനയുണ്ട്. അതേസമയം സങ്കര ഇന്ധന മോഡലുകൾക്കും ചെറിയ കാറുകൾക്കും വിലയിൽ മാറ്റമില്ലെന്നും രാജ വ്യക്തമാക്കി.