ക്രിക്കറ്റ് ദൈവം സച്ചിന്റെ ഏറ്റവും വലിയ ആരാധകരിലൊരാളാണ് സേവാഗ്. സച്ചിനെ അനുകരിച്ച് ക്രിക്കറ്റിലെത്തിയ ഇതിഹാസ താരമായി മാറിയ സേവാഗ് സച്ചിന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നു. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 730 എൽഡി സ്വന്തമാക്കിയ വിവരം സേവാഗ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കൂടാതെ സച്ചിനും ബിഎംഡബ്ല്യുവിനും നന്ദിയും താരം അറിയിച്ചിട്ടുണ്ട്.
തന്റെ ഓപ്പണിങ് പാർട്നറും സുഹൃത്തുമായ സേവാഗ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സച്ചിനും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. സേവാഗ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്നും വളരെ കാലങ്ങളോളം തന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു സെവൻ സീരിസെന്നുമാണ് സച്ചിൻ പറഞ്ഞിരിക്കുന്നത്. എന്നാൽ സച്ചിനാണ് സേവാഗിന് കാർ സമ്മാനിച്ചത് എന്ന് വാർത്തകൾ പരക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിൻപവർ ടർബോ എന്ജിന് ടെക്നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ലിറ്റർ ആറു സിലിണ്ടർ ഡീസൽ എന്ജിൻ 195 കിലോവാട്ട് / 265 എച്ച് പി കരുത്ത് ഉൽപ്പാദിപ്പിക്കും. 2000-2500 ആർപിഎമ്മിൽ 620 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.2 സെക്കൻഡ്. 250 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 1.26 കോടി രൂപയാണ് 730 എൽഡിയുടെ എക്സ്ഷോറൂം വില.