ഫുട്ബോളിലെ അതിവേഗ ഓട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇടംകാലിൽനിന്ന് വലം കാലിലേയ്ക്ക് നൃത്തം ചെയ്യുന്ന പന്തുമായി ശരവേഗത്തിൽ പായുന്ന ഈ സൂപ്പർതാരത്തിന് വേഗം കൂടിയ കാറുകളോട് അടക്കാനാവാത്ത ആവേശമാണ്. ലംബോർഗിനി, ബുഗാട്ടി, ഫെരാരി തുടങ്ങി സൂപ്പർ കാറുകളുടെ വൻ ശേഖരമുള്ള റൊണാൾഡോയ്ക്ക് കൂട്ടായി ലോകത്തിലെ ഏറ്റവും വേഗമുള്ള കാറിലൊന്നായ ബുഗാട്ടി കെയ്റോണും.
താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതാണ് തന്റെ പുതിയ വാഹന വിശേഷം. കൈറോണിന്റെ വിഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പോർചുഗൽ യൂറോ കിരീടം ചൂടിയതിനെ തുടർന്ന് ബുഗാട്ടി വെയ്റോൺ സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ ബുഗാട്ടി വെയ്റോണിന്റെ പിൻഗാമിയാണ് ബുഗാട്ടി കെയ്റോൺ.
ചൂടപ്പംപോലെ വിറ്റഴിഞ്ഞ സൂപ്പർ കാറായ ‘വെയ്റോണി’ന്റെ പിൻഗാമിയായി എത്തുന്ന ‘കെയ്റോൺ’ പ്രകടനക്ഷമതയിൽ മുൻഗാമിയെ കടത്തിവെട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 420 കിലോമീറ്റർ കടക്കുമെന്നും കമ്പനി പറയുന്നു. പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കെയ്റോണിന് വെറും 2.5 സെക്കൻഡുകൾ മാത്രം മതി. 200 കിലോമീറ്റർ വേഗം 6.5 സെക്കന്‍ഡിലും 300 കിലോമീറ്റർ വേഗം 13.6 സെക്കന്റുകള്‍കൊണ്ടും കെയ്റോൺ കടക്കും. ഏകദേശം ഇരുപത് കോടി രൂപയായിരിക്കും കാറിന്റെ ഇന്ത്യൻ വില.