49.90 കിലോമീറ്റർ മൈലേജുമായി ‘പി 400 ഇ’ വരുന്നു

Range Rover Sport P400e

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനമായ ‘പി 400 ഇ’ അവതരിപ്പിക്കുന്നു. ‘റേഞ്ച് റോവർ സ്പോർട് എസ് വി ആർ’ ആധാരമാക്കി കമ്പനി സാക്ഷാത്കരിച്ച ‘പി 400 ഇ’ ഈ മാസം തന്നെ പുറത്തെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വൈദ്യുതീകര മേഖലയിൽ കമ്പനി ലക്ഷ്യമിടുന്ന മുന്നേറ്റത്തിലേക്കുള്ള ആദ്യ ചുവടാണ് ജെ എൽ ആറിന്റെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലായ ‘പി 400 ഇ’യുടെ വരവ്. 

Range Rover Sport P400e

കാറിൽ 13 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററിയാണു ജെ എൽ ആർ ഘടിപ്പിക്കുന്നത്; ഒറ്റത്തവണ ചാർജ് ചെയ്താൽ കാർ 31 മൈൽ(49.90 കിലോമീറ്റർ) ഓടുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം.  നീളത്തിൽ ഘടിപ്പിച്ച രണ്ടു ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനൊപ്പം 85 കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറും കൂടി ചേരുന്നതാണു ‘റേഞ്ച് റോവർ സ്പോർട് പി 400 ഇ’യുടെ പവർട്രെയ്ൻ. പരമാവധി 399 ബി എച്ച് പി കരുത്തും 640 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ കൂട്ടുകെട്ടിനാവും. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു കാറിലെ ട്രാൻസ്മിഷൻ.

Range Rover Sport P400e

മണിക്കൂറിൽ 137 മൈൽ(ഏകദേശം 220.48 കിലോമീറ്റർ) ആണു ‘പി 400 ഇ’യുടെ പരമാവധി വേഗം. നിശ്ചലാവസ്ഥയിൽ നിന്നു 60 മൈൽ(96.56 കിലോമീറ്റർ) വേഗം കൈവരിക്കാൻ വേണ്ടത് 6.3 സെക്കൻഡ്. വൈദ്യുത മോട്ടോറിന്റെ പിൻബലത്തിൽ ലീറ്ററിന് 35.75 കിലോമീറ്ററാണു ജെ എൽ ആർ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; കാർബൺ ഡയോക്സൈഡ് മലിനീകരണമാവട്ടെ കിലോമീറ്ററിന് വെറും 64 ഗ്രാമും. കാറിനു രണ്ട് ഡ്രൈവിങ് സാധ്യതകളും ജെ എൽ ആർ ഒരുക്കുന്നുണ്ട്: രണ്ട് ഊർജ സ്രോതസുകളും ഒരേ സമയം ഉപയോഗിക്കുന്ന‘ഡിഫോൾട്ട്’ രീതിയും മോട്ടോർ മാത്രം ഉപയോഗിക്കുന്ന ‘വൈദ്യുത ഇ വി’ രീതിയും. 

Range Rover Sport P400e

ശേഷിയേറിയ 32 ആംപിയർ റാപിഡ് ചാർജർ ഉപയോഗിച്ചാൽ രണ്ടേ മുക്കാൽ മണിക്കൂറിൽ കാറിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. സാധാരണ 10 ആംപിയർ സംവിധാനമാണെങ്കിൽ ബാറ്ററി ചാർജ് ആവാൻ ഏഴര മണിക്കൂറെടുക്കും. പഴയ ‘എസ് ഡി വി ആറ് ഹൈബ്രിഡ് ഡീസലി’നു പകരക്കാരനായിട്ടാണ് ‘പി 400 ഇ’യുടെ രംഗപ്രവേശം; ജെ എൽ ആർ ശ്രേണിയിലെ ഏറ്റവും ഭാരമേറിയ സ്പോർട് വകഭേദവുമാണ് ഇത്.