വാഹനങ്ങളെ പ്രണയിക്കുന്നവര്‍ ഒരുപാടു പേരുണ്ട്, ഇഷ്ടവാഹനങ്ങളെ അല്ലെങ്കില്‍ സ്വപ്ന വാഹനങ്ങളെ സ്വന്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ആ പ്രണയമാണ്. മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്മാന് ഒന്നാംതരം കാമുകനാണ്, വാഹനങ്ങളെ അളവറ്റ് പ്രണയിക്കുന്ന കാമുകന്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രിയ പുത്രന് വാഹനങ്ങളോടുള്ള ഇഷ്ടത്തിലും അഭിനയത്തിലും അച്ഛന്റെ പാത പിന്തുടരുന്നു.
ബെന്‍സിന്റെ സൂപ്പര്‍കാറായ എസ്എല്‍എസ് എഎംജി, മിനി കൂപ്പര്‍, ബിഎംഡബ്ല്യു എം3, പോളോ ജിടി തുടങ്ങിയ കാറുകളും മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല, ബിഎംഡബ്ല്യു ആര് 1200 ജിഎസ് തുടങ്ങിയ ബൈക്കുകളുമുള്ള ദുല്‍ഖറിന്റെ ഗ്യാരേജിലേക്ക് ഒരു സൂപ്പര്‍താരം കൂടി. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന് പനമേരയുടെ ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. 2010 ല്‍ രാജ്യാന്തര വിപണിയിലെത്തിയ കാറിന്റെ രണ്ടാം തലമുറയാണ് നിലവില്‍ വിപണിയിലുള്ളത്.
ആഡംബരത്തിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നല്കി നിര്‍മിച്ചിരിക്കുന്ന കാറില്‍ 3996 സിസി പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 5750 മുതല്‍ 6000 വരെ ആര്‍പിഎമ്മില്‍ 550 പിഎസ് കരുത്തും 1960 മുതല്‍ 4500 വരെ ആര്‍പിഎമ്മില്‍ 770 എന്‍എം ടോര്‍ക്കും നല്‍കും ഈ 4 ലീറ്റര്‍ എന്ജിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മാത്രം വേണ്ട ഈ കരുത്തന്റെ കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്. 2.03 കോടി രൂപയാണ് പനമേര ടര്‍ബോയുടെ എക്സ്ഷോറൂം വില.