വാഹന വിപണിയിൽ ആരൊക്കെ വീണാലും വാണാലും ഇളക്കം തട്ടാത്ത നിർമാതാക്കളാണ് മാരുതി സുസുക്കി. ഇന്ത്യൻ വിപണിയുടെ അമ്പതു ശതമാനവും മാരുതിയുടെ കൈയ്യിൽ ഭദ്രമാണ്. ഓരോ മാസവും ഏറ്റവും അധികം വിൽക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ മാരുതിയുടെ വാഹനങ്ങൾക്കാകും മുൻതൂക്കം. കഴിഞ്ഞ നവംബറിലെ വിൽപ്പന കണക്കുകൾ പ്രകാരം ഏറ്റവും അധികം വിൽപ്പനയുള്ള പത്തു മോഡലുകളിൽ ഏഴും മാരുതി സുസുക്കി ശ്രേണിയിൽപെട്ടവയാണ്. മാരുതി സുസുക്കിയുടെ ചെറുകാർ ‘ഓൾട്ടോ’യാണ് നവംബറിലെ വിൽപ്പന കണക്കെടുപ്പിൽ ഒന്നാമത്: 24166 യൂണിറ്റായിരുന്നു നവംബറിലെ വിൽപ്പന. 2016 നവംബറിനെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ച.
മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസയറാണ് 22492 യൂണിറ്റ് വിൽപ്പനയുമായി രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30.6 ശതമാനം വളർച്ചയാണ് ഡിസയർ നേടിയത്. മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണ് മൂന്നാം സ്ഥാനത്ത് എത്തിയത് 17169 യൂണിറ്റാണ് കഴിഞ്ഞ നവംബറിൽ ബലേനോയ്ക്ക് ലഭിച്ച വിൽപ്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60.2 ശതമാനമാണ് വിൽപ്പന വർദ്ധിച്ചത്. നാലാം സ്ഥാനത്ത് മാരുതിയുടെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസയാണ് 14458 യൂണിറ്റാണ് നവംബർ മാസത്തെ വിൽപ്പന.
കോംപാക്ട് കാറായ ‘വാഗൻ ആർ’ ആണു വിൽപ്പന കണക്കെടുപ്പിൽ അഞ്ചാം സ്ഥാനത്ത്. 14038 യൂണിറ്റ് വാഗൺ ആറുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ 13337 യൂണിറ്റുകളുമായി ആറാം സ്ഥാനത്താണ്. കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചെറുഹാച്ച് ഐ10 ഗ്രാന്റാണ് ഏഴാം സ്ഥാനത്ത്. 13249 യൂണിറ്റാണ് ഗ്രാന്റിന്റെ വിൽപ്പന.
ഹ്യുണ്ടേയ്‌യുടെ തന്നെ ‘എലീറ്റ് ഐ 20’ നവംബറിലെ വിൽപ്പന കണക്കെടുപ്പിൽ എട്ടാമതെത്തി. 10236 ‘എലീറ്റ് ഐ 20’ ആണു കമ്പനി കഴിഞ്ഞ മാസം വിറ്റത്. ഹ്യുണ്ടേയ്‌യുടെ ചെറു എസ്‌യുവി ക്രെറ്റ 8528 യൂണിറ്റ് വിൽപ്പനയോടെയാണ് ഒമ്പതാം സ്ഥാനം കൈയടക്കിയത്. മാരുതി ചെറു ഹാച്ച് സെലേറിയോയാണ് പത്താം സ്ഥാനത്ത്. 8437 യൂണിറ്റായിരുന്നു സെലേറിയോയുടെ കഴിഞ്ഞ മാസത്തെ വിൽപ്പന.