കഴിഞ്ഞ മൂന്നു ദശാബ്ദമായി വിപണിയിലെ രാജാവായി തുടരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് മാരുതിക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. 1983 ൽ മാരുതി 800 പുറത്തിറങ്ങിയതു മുതൽ നീണ്ട 34–ാം വർഷവും ഇന്ത്യയിലെ ജനപ്രിയമായി വാഹന നിർമാതാവായി തുടരുകയാണ് മാരുതി സുസുക്കി. കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ വിപണി വിഹിതത്തിന്റെ 50 ശതമാനവും മാരുതി സുസുക്കിയുടെ കൈയ്യിൽ ഭദ്രമാണ്. ഏറ്റവുമധികം വിൽപ്പന നേടിയ പത്ത് വാഹനങ്ങളുടെ പട്ടികയിൽ ഏഴ് സ്ഥാനങ്ങളും മാരുതിക്ക് സ്വന്തം. ആദ്യ മുപ്പത് സ്ഥാനങ്ങളെടുത്താൽ മാരുതി സുസുക്കിയുടെ 12 വാഹനങ്ങളാണുള്ളത്.
1. മാരുതി ഓൾട്ടോ– 257732 യൂണിറ്റ്
മാരുതിയുടെ ചെറുകാർ ഓൾട്ടോ തന്നെയാണ് ഇത്തണവയും മുന്നിൽ. പുറത്തിറങ്ങിയിട്ട് പതിനഞ്ചു വർഷത്തിൽ അധികമായെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2016 നെ അപേക്ഷിച്ച് ഏകദേശം 5.16 ശതമാനം വിൽപ്പനയുടെ വർദ്ധനവാണ് ഓൾട്ടോ കഴിഞ്ഞ വർഷം മാത്രം രേഖപ്പെടുത്തിയത്.
2. മാരുതി ഡിസയർ– 225043 യൂണിറ്റ്
നാലുമീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിലേക്ക് 2008 ലാണ് മാരുതി സ്വിഫ്റ്റ് ഡിസയറിനെ പുറത്തിറക്കുന്നത്. വളരെ പെട്ടെന്നു തന്നെ സെഗ്‌മെന്റ് ലീഡറായി മാറി ഡിസയർ. കഴിഞ്ഞ വർഷം പുതിയ ഡിസയറിനെ പുറത്തിറക്കിയത് വാഹനത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. 2016 അപേക്ഷിച്ച് 11.37 ശതമാനം വിൽപ്പന വളർച്ചയാണ് കഴിഞ്ഞ വർഷം ഡിസയറിന് ലഭിച്ചത്.
3. മാരുതി ബലേനൊ– 175209 യൂണിറ്റ്
പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ പുറത്തിറങ്ങുന്നത് 2015 ലാണ്. ആദ്യ വർഷം തന്നെ ടോപ് ടെൻ ലിസ്റ്റിൽ ഇടംപിടിക്കാനായ ബലേനൊ ഏറ്റവും അധികം വിൽപ്പനയുള്ള മൂന്നാമത്തെ കാറായി മാറി. 2016 നെ അപേക്ഷിച്ച് 63.65 ശതമാനം വളർച്ചയാണ് ബലേനൊയ്ക്ക് ലഭിച്ചത്.
4. മാരുതി സ്വിഫ്റ്റ്– 167371 യൂണിറ്റ്
ചെറു കാറുകളുടെ തലവര തന്നെ മാറ്റിക്കൊണ്ടാണ് സ്വിഫ്റ്റ് 2005 ല്‍ പുറത്തിറങ്ങിയത്. തുടക്കത്തിൽ വാഹന ഡിസൈനെ ആളുകൾ പരിഹസിച്ചെങ്കിലും പെട്ടെന്നു തന്നെ സ്വിഫ്റ്റ് ജനപ്രിയമായി. ഹ്യുണ്ടേയ് ഗ്രാന്റ് ഐ10, നിസാൻ മൈക്ര, ഫോക്സ്‌വാഗൻ പോളോ തുടങ്ങി നിരവധി കാറുകൾ സ്വിഫ്റ്റിനെ ഭീഷണിപ്പെടുത്താൻ എത്തിയെങ്കിലും അവയ്ക്കൊന്നും ഈ ചെറു കാറിന്റെ അടുത്തെത്താൻ സാധിച്ചില്ല. 2016 നെ അപേക്ഷിച്ച് സ്വിഫ്റ്റിനെ വിൽപ്പനയിൽ 0.70 ശതമാനം ഇടിവ് നേരിട്ടെങ്കിലും ഈ വർഷമെത്തുന്ന പുതിയ മോഡൽ വിപണി കീഴടക്കും.
5. മാരുതി വാഗൺ ആർ – 166815 യൂണിറ്റ്
ബോക്സി രൂപവും ടോൾബോയ് 1999 ഡിസൈനുമായി എത്തിയ വാഗൺ ആർ വളരെപ്പെട്ടന്നു തന്നെ ഇന്ത്യക്കാരുടെ മനം കീഴടക്കി. ഇടത്തരക്കാരുടെ പ്രിയ കാറായി മാറിയ വാഗൺ ആറിന്റെ വിജയ രഹസ്യവും അതുതന്നെയാണ്. 2016 മായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പന 3.73 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും വിൽപ്പനയുള്ള കാറുകളിൽ അഞ്ചാം സ്ഥാനത്തുണ്ട് വാഗൺ ആർ.
6. ഹ്യുണ്ടേയ് ഗ്രാൻഡ് ഐ 10– 154747 യൂണിറ്റ്
ചെറുകാർ വിപണിയിൽ മാരുതിക്ക് ഭീഷണിയുയർത്താൻ സാധിച്ച ഒരു കാറാണ് ഗ്രാൻഡ് ഐ 10. കഴിഞ്ഞ വർഷത്തേയും ടോപ്പ് ടെൻ ലിസ്റ്റിലെ സാന്നിധ്യമായിരുന്ന ഈ വാഹനം 2016 നെ അപേക്ഷിച്ച് 13.63 ശതമാനം വളർച്ചയാണ് 10 കഴിഞ്ഞ വർഷം ലഭിച്ചത്.
7. മാരുതി വിറ്റാര ബ്രെസ– 140945 യൂണിറ്റ്
2016ലാണ് കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലേക്ക് വിറ്റാര ബ്രെസയെ മാരുതി പുറത്തിറക്കുന്നത്. വളരെ പെട്ടെന്നു തന്നെ വിൽപ്പന കണക്കുകളിൽ മുന്നിലെത്തിയ ബ്രെസ രണ്ടാം വർഷം 65.49 ശതമാനം വളർച്ചയാണ് നേടിയത്.
8. ഹ്യുണ്ടേയ് എലൈറ്റ് ഐ 20 116260 യൂണിറ്റ്
ടോപ് ടെന്നിലെ ഹ്യുണ്ടേയ്‌യുടെ രണ്ടാമത്തെ വാഹനമാണ് എലൈറ്റ്. പ്രീമിയം ഫീച്ചറുകളുമായി എത്തിയ കാർ വിപണിയിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. 2016 നെ അപേക്ഷിച്ച് 5.09 ശതമാനം വിൽപ്പനക്കുറവ് കഴിഞ്ഞ വർഷം എലൈറ്റിന് നേരിടേണ്ടി വന്നത്.
9. ഹ്യുണ്ടേയ് ക്രേറ്റ 105484 യൂണിറ്റ്
എസ് യു വി വിഭാഗത്തിൽ ഒന്നാമനാണ് ക്രേറ്റ ടോപ് ടെന്നിലെ മൂന്നാമത്തെ ഹ്യുണ്ടേയ്‌യാണ്. 2016 നെ അപേക്ഷിച്ച് 13.51 ശതമാനം വിൽപ്പനയാണ് ക്രേറ്റയ്ക്ക് ലഭിച്ചത്.
10. മാരുതി സെലേറിയോ– 100860 യൂണിറ്റ്
ഒാട്ടമാറ്റിക്ക് കാറുകൾ രാജ്യത്ത് ജനപ്രിയമാക്കുക എന്ന ദൗത്യത്തോടെ 2014 ൽ മാരുതി പുറത്തിറക്കിയ സെലേറിയോയാണ് ടോപ് ടെന്നിൽ അവസാനത്തേത്. 2016നെ അപേക്ഷിച്ച് 11.47 ശതമാനം വളർച്ചയാണ് സെലേറിയോയ്ക്ക് 2017 ലഭിച്ചത്.