‘പൾസർ’ ശ്രേണിയിലെ ബൈക്കുകളുടെ മൊത്തം വിൽപ്പന ഒരു കോടി യൂണിറ്റ് പിന്നിട്ടതിന്റെ ആഘോഷമായി ബജാജ് ഓട്ടോ ലിമിറ്റഡ് ‘ബ്ലാക്ക് പായ്ക്ക് എഡീഷൻ’ പുറത്തിറക്കി. ‘പൾസറി’ന്റെ 2018 മോഡൽ 150, 180, 220 എഫ് ബൈക്കുകളാണ് ഈ പ്രത്യേക പതിപ്പിൽ വിൽപ്പനയ്ക്കുണ്ടാവുക. പുതുവർഷത്തിൽ പുത്തൻ ഗ്രാഫിക്സിന്റെ അഴകോടെയാവും ഈ ‘ബ്ലാക്ക് പായ്ക്ക് എഡീഷൻ’ നിരത്തിലെത്തുക. അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും ഈ പ്രത്യേക പതിപ്പിന്റെയും രംഗപ്രവേശം.
പ്രീമിയം ബ്ലാക്ക് പെയ്ന്റിനൊപ്പം മാറ്റ് ഗ്രേ ഹെഡ്ലൈറ്റും വെള്ള അലോയ് വീലുമായിരിക്കും ഈ പരിമിതകാല ‘പൾസറു’കളുടെ പ്രധാന സവിശേഷത. ബൈക്കുകളിൽ സാറ്റിൻ ക്രോം എക്സോസ്റ്റ് കവറും ഇടംപിടിക്കും. വർഷങ്ങളായി രൂപകൽപ്പനയിൽ കാര്യമായ മാറ്റമില്ലാതെയാണ് ‘പൾസർ 150’, ‘പൾസർ 180’, ‘പൾസർ 220 എഫ്’ എന്നിവ എത്തുന്നത്; ‘ബ്ലാക്ക് പായ്ക്ക് എഡീഷനി’ലും ഈ പതിവിനു മാറ്റമുണ്ടാവില്ല.
പതിനാറു വർഷം മുമ്പ് 2001ൽ നിരത്തിലെത്തിയതു മുതൽ ‘പൾസർ’ രാജ്യത്തെ ഒന്നാം നമ്പർ സ്പോർട്സ് മോട്ടോർ സൈക്കിൾ ബ്രാൻഡാണെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾസ്) എറിക് വാസ് അവകാശപ്പെട്ടു. ആഗോളതലത്തിൽ ഇരുപത്തഞ്ചോളം രാജ്യങ്ങളിലാണ് ‘പൾസർ’ ശ്രേണിയിലെ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുന്നത്; ഇവയിൽ മിക്ക വിപണികളിലും ‘പൾസർ’ വിൽപ്പനയിൽ മുന്നിലുമാണ്. മൊത്തം വിൽപ്പന ഒരു കോടി യൂണിറ്റിലെത്തുമ്പോൾ അഭിമാനാർഹമായ നേട്ടമാണ് ‘പൾസർ’ കൈവരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അപൂർവ നേട്ടം ആഘോഷിക്കാനാണു ബജാജ് ഓട്ടോ ഇപ്പോൾ ‘ബ്ലാക്ക് പായ്ക്ക് എഡീഷൻ’ അവതരിപ്പിക്കുന്നത്.
തുടക്കത്തിൽ 150 സി സി എൻജിനോടെയായിരുന്നു ‘പൾസറി’ന്റെ വരവ്. ക്രമേണ 220 സി സി, 135 സി സി വിഭാഗങ്ങളിലേക്കു വരെ ‘പൾസർ’ ശ്രേണി വളർന്നു, ഇടയിലായി 180 സി സി എൻജിനുള്ള ‘പൾസറും’ 200 സി സി എൻജിനുള്ള മോഡലുകമൊക്കെ എത്തി. ഇവയ്ക്കു പുറമെ പൂർണ ഫെയറിങ്ങോടെ ബജാജ് വിൽപ്പനയ്ക്കെത്തിക്കുന്ന ഏക മോഡലായ ‘ആർ എസ് 200’ ബൈക്കുമുണ്ട്.