‘പൾസർ’ ശ്രേണിയിലെ ഏറ്റവും എൻജിൻ ശേഷി കുറഞ്ഞ മോഡൽ അവതരിപ്പിക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ് ഒരുങ്ങുന്നു. അടുത്ത വർഷത്തോടെയാവും ‘പൾസർ 125’ വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. സ്പോർട്ടി കമ്യൂട്ടർ മോട്ടോർ സൈക്കിൾ എന്ന വിശേഷണത്തോടെ ‘പൾസർ 125’ എത്തുന്നതോടെ ‘പൾസർ 135 എൽ എസ്’ വിപണിയോടു വിട പറയാനും സാധ്യതയുണ്ട്.
അടുത്ത ഏപ്രിൽ മുതൽ ബൈക്കുകൾക്ക് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) നിർബന്ധമാക്കുന്നതോടെയാണ് ‘പൾസർ 135 എൽ എസി’നു പകരം ‘പൾസർ 125’ അവതരിപ്പിക്കാൻ ബജാജ് ഒരുങ്ങുന്നതെന്നു പറയപ്പെടുന്നു. എ ബി എസ് കൂടിയെത്തുന്നതോടെ ‘പൾസർ 135 എൽ എസ്’ വില ഗണ്യമായി ഉയരാനും കമ്യൂട്ടർ മോട്ടോർ സൈക്കിൾ തേടിയെത്തുന്നവർ ഈ മോഡലിനെ കൈവിടാനും സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് എൻജിൻ ശേഷി കുറഞ്ഞ ‘പൾസർ 125’ പടയ്ക്കിറക്കി ഈ വിപണി നിലനിർത്താൻ ബജാജ് ഓട്ടോ ശ്രമിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡപ്രകാരം 125 സി സി എൻജിനുള്ള ബൈക്കിന് കോംബി ബ്രേക്ക് സംവിധാനം(സി ബി എസ്) മതിയാവും. അതുകൊണ്ടുതന്നെ തികച്ചും മത്സരക്ഷമമായ വിലയ്ക്കു ബജാജിന് ‘പൾസർ 125’ വിൽപ്പനയ്ക്കെത്തിക്കാനുമാവും.
നിലവിൽ വിൽപ്പനയിലുള്ള ‘പൾസർ 135 എൽ എസ്’ മിക്കവാറും അടുത്ത ഏപ്രിൽ വരെയാവും വിപണിയിൽ തുടരുക. തുടർന്ന് 125 സി സി എൻജിനുള്ള ‘പൾസർ’ ഈ സ്ഥാനം ഏറ്റെടുക്കുമത്രെ. ‘ഡിസ്കവർ 125’ ബൈക്കിൽ നിന്നു കടമെടുക്കുന്ന നാലു വാൽവ് 125 സി സി എൻജിന് 9,000 ആർ പി എമ്മിൽ 13 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും; അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ ബൈക്കുമാവും ‘പൾസർ 125’. 7,000 ആർ പി എമ്മിൽ പിറക്കുന്ന 10.8 എൻ എമ്മാവും പരമാവധി ടോർക്ക്. ‘ഡിസ്കവർ 125 എസ് ടി’യിലെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് തന്നെയാവും ‘പൾസർ 125’ ബൈക്കിലെയും ട്രാൻസ്മിഷൻ. ‘പൾസർ’ എന്ന പേരിനോടു നീതി പുലർത്തുന്ന രൂപകൽപ്പനാശൈലി കൂടിയാവുന്നതോടെ സ്പോർട്ടി കമ്യൂട്ടർ മോട്ടോർ സൈക്കിൾ എന്ന വിശേഷണം യാഥാർഥ്യമാക്കുക ബജാജ് ഓട്ടോയ്ക്കു പ്രയാസമാവില്ല.