സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ ഉടമസ്ഥരായ ഗീലി ജർമൻ ബ്രാൻഡായ മെഴ്സീഡിസ് ബെൻസിലും പങ്കാളിത്തം നേടാൻ ഒരുങ്ങുന്നു. 352 കോടി യൂറോ(ഏകദേശം 26790.58 കോടി രൂപ) ചെലവഴിച്ചാണു ചൈനീസ് വാഹന നിർമാതാക്കളായ ഗീലി, ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ മാതൃസ്ഥാപനമായ ഡെയ്മ്ലറിന്റെ 3.50% ഓഹരികൾ വാങ്ങുന്നത്. ഇതോടെ ഡെയ്മ്ലറിന്റെ ഓഹരി ഉടമകളിൽ മൂന്നാം സ്ഥാനവും ഗീലിക്കു സ്വന്തമാവും. നിലവിൽ 3.1% ഓഹരി പങ്കാളിത്തമുള്ള റെനോ — നിസ്സാൻ — മിറ്റ്സുബിഷി സഖ്യത്തെയാണു ഗീലി പിന്നിലാക്കുന്നത്.
ഡെയ്മ്ലറിന്റെ ഓഹരികളിൽ 70.7 ശതമാവും വിവിധ നിക്ഷേപക സ്ഥാപനങ്ങളുടെ പക്കലാണ്. അവശേഷിക്കുന്നതിൽ 19.4 ശതമാനത്തോളം ഓഹരികൾ സ്വകാര്യ നിക്ഷേപകരുടെ പക്കലാണ്. അറേബ്യൻ രാജ്യമായ കുവൈത്തിനും കമ്പനിയിൽ 6.8% ഓഹരികളുണ്ട്. വിപണി വിലയ്ക്കു പകരം കുറഞ്ഞ നിരക്കിൽ കമ്പനി ഓഹരി വാങ്ങാൻ ഗീലി മുമ്പു നടത്തിയ ശ്രമം ഡെയ്മ്ലർ നിരസിച്ചിരുന്നു. പകരം പൊതു വിപണിയിൽ നിന്ന് ഓഹരികൾ സ്വന്തമാക്കാൻ ഗീലിയോടു ഡെയ്മ്ലർ ആവശ്യപ്പെടുകയായിരുന്നു.
ആഗോളതലത്തിൽ അതിവേഗ വളർച്ച കൈവരിച്ചു മുന്നേറാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണു ഗീലി, ഡെയ്മ്ലറിലും പങ്കാളിത്തം നേടുന്നതെന്നാണു സചന. 2010ൽ യു എസ് നിർമാതാക്കളായ ഫോഡിൽ നിന്നു വോൾവോയെ സ്വന്തമാക്കുന്നതോടെയാണു ഗീലി യൂറോപ്യൻ വാണിജ്യ മേഖലയുടെ ശ്രദ്ധ ആകർഷിക്കുന്നത്. തുടർന്ന് 2012ൽ ദ് ലണ്ടൻ ടാക്സി കമ്പനിയും ഗീലി ഏറ്റെടുത്തു. 2016ൽ ലിങ്ക് ആൻഡ് കമ്പനി എന്ന ബ്രാൻഡ് സ്ഥാപിച്ച ഗീലി, പിന്നീട് ലോട്ടസിലെ ഭൂരിപക്ഷ ഓഹരികളും സ്വന്തമാക്കി. ഇക്കൊല്ലം പ്രോട്ടോണിന്റെ മാതൃസ്ഥാപനമായ എച്ച് ആർ ബി — ഹൈകോമിന്റെ പകുതിയോളം ഓഹരികളും ഗീലി ഏറ്റെടുത്തിരുന്നു.
ഇതിനു പുറമെ പറക്കുംകാർ വികസനം ലക്ഷ്യമിടുന്ന അമേരിക്കൻ സ്റ്റാർട് അപ്പായ ടെറാഫ്യൂജിയയെയും ഗീലി സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ പറക്കും കാർ യാഥാർഥ്യമാക്കുകയാണ് ടെറാഫ്യൂജിയയുടെ സ്വപ്നം.