കരയിലും വെള്ളത്തിലും ഓടാൻ കഴിവുള്ള വാഹനം അവതരിപ്പിക്കാൻ ജർമൻ നിർമാതാക്കളായ ഡെയ്മ്‌ലറിന്റെ ഉമസ്ഥതയിലുള്ള സ്മാർട് ഓട്ടമൊബീൽ തയാറെടുക്കുന്നു. സ്മാർട് ‘ഫോർസീ’ എന്ന പേരിട്ട കൺസപ്റ്റ് കാർ ഇറ്റലിയിൽ ഈ വേനൽക്കാലത്തു തന്നെ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. രണ്ടു സീറ്റുള്ള തുറന്ന ബോട്ട് പോലെയാണു സ്മാർട് ‘ഫോർസീ’ കൺസപ്റ്റ് കാറിന്റെ രൂപകൽപ്പന; പരമ്പരാഗത ലോബ്സ്റ്റർ ബോട്ടുകളിൽ നിന്നു പ്രചോദിതമായി വാതിൽ നിരപ്പിൽ തേക്ക് പാനൽ സഹിതമാണു കാറിന്റെ വരവ്.
സ്മാർടിന്റെ ഇറ്റാലിയൻ പങ്കാളിയായ ഫൊക്കേഷ്യ ഗ്രൂപ്പാണ് ‘ഫോർസീ’യുടെ അകത്തളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറിയ റഫ്രിജറേറ്ററും ഐസ് ബക്കറ്റുമൊക്കെ കാറിൽ സജ്ജമാക്കിയിട്ടുണ്ട്. ഫ്ളൂയിഡ് ഡൈനമിക്സിന്റെയും നൂതന സാങ്കേതികവിദ്യയുടെയുമൊക്കെ പിൻബലത്തിൽവീലുകൾ 35 ഡിഗ്രി വരെ ചരിക്കാമെന്നതിനാൽ ജലയാത്രയിൽ മണിക്കൂറിൽ 10 നോട്ട്(18.52 കിലോമീറ്റർ) വേഗം കൈവരിക്കാൻ ‘ഫോർസീ’യ്ക്കു കഴിയുമെന്നാണു സ്മാർട്ടിന്റെ അവകാശവാദം. ജലയാത്രയിൽ 15 നോട്ട്(27.78 കിലോമീറ്റർ) വരെ പരമാവധി വേഗവും കാറിനു സ്മാർട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ബോട്ടിനെ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സ്റ്റീയറിങ് വീലിനു കഴിയും; വെള്ളത്തിൽ രൂപപ്പെടുന്ന ജെറ്റിനെ കൃത്യതയോടെ കൈകാര്യം ചെയ്യാനും സ്റ്റീയറിങ്ങു സാധിക്കും. വാഹനത്തിന്റെ പിൻഭാഗത്തുള്ള 90 ബി എച്ച് പി എൻജിനെ വാട്ടർ ജെറ്റ് പ്രൊപ്പല്ലറുമായി ബന്ധിപ്പിക്കാനാവും; റിയർ ഷാഫ്റ്റ് ഡിഫറൻഷ്യലിലാണ് ഇതിനുള്ള ജോയിന്റ് ഷാഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. റിയർ വീൽ ഡ്രൈവായ കാറിനെ വാട്ടർ ജെറ്റ് രീതിയിലേക്കു മാറ്റാൻ ഇ സി യു സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിഫറൻഷ്യൽ ലോക്കിന്റെ സഹായത്തോടെ ടോർക്കിനെ ആക്സിലിൽ നിന്നു യൂണിവേഴ്സൽ ജോയിന്റ് ഷാഫ്റ്റിലേക്കു കൈമാറാനാവുമെന്നു സ്മാർട് വിശദീകരിക്കുന്നു.