സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ റൈഡ് ഹെയ്‌ലിങ് കമ്പനിയായ യൂബറിന് സ്വയം ഓടുന്ന കാറുകൾ ലഭ്യമാക്കാനുള്ള കരാർ ജർമൻ വാഹന നിർമാതാക്കളായ ഡെയ്മ്‌ലർ സ്വന്തമാക്കി. വാഹന വ്യവസായത്തിന്റെ ഭാവിയായി വാഴ്ത്തപ്പെടുന്ന സ്വയം ഓടുന്ന കാർ മേഖലയിൽ മേധാവിത്തം ഉറപ്പിക്കാൻ പ്രമുഖ നിർമാതാക്കൾ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഡെയ്മ്‌ലറും യൂബറും ഈ രംഗത്തെ സഖ്യം പ്രഖ്യാപിക്കുന്നത്. സമീപഭാവിയിൽ ലോകവ്യാപകമായി യൂബറിനുള്ള റൈഡ് ഷെയറിങ് ശൃംഖലയിൽ ഡെയ്മ്ലറിൽ നിന്നുള്ള സ്വയം ഓടുന്ന കാറുകൾ രംഗപ്രവേശം നടത്തുമെന്നാണ് ഇരുകമ്പനികളുമായുള്ള ധാരണ. യൂബറിന്റെ ഉപയോഗത്തിനായി മെഴ്സീഡിസ് ബെൻസ് ശ്രേണിയിലെ കാറുകളാവും ഡെയ്മ്ലർ സ്വയം ഓടുന്ന രീതിയിലാക്കി നൽകുക. എന്നാൽ ഈ സഹകരണത്തിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഇരുപങ്കാളികളും വെളിപ്പെടുത്തിയിട്ടില്ല.
വാഹനങ്ങളുടെ ഉപജ്ഞാതാക്കളെന്ന നിലയിൽ സ്വയം ഓടുന്ന കാറുകളുടെ സാങ്കേതികവിദ്യയിലും നേതൃസ്ഥാനമാണു ഡെയ്മ്ലർ ലക്ഷ്യമിടുന്നതെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡീറ്റർ സെച് വ്യക്തമാക്കി. ഓട്ടണോമസ് ഡ്രൈവിങ് സാങ്കേതികവിദ്യ വികസനം സഞ്ചാരസ്വാതന്ത്യ്രം പുനഃസൃഷ്ടിക്കുന്നതിനു സമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അടുത്ത കാലത്തായി സ്വയം ഓടുന്ന കാറുകളുടെ സാങ്കേതികവിദ്യാ രംഗത്ത് യൂബർ കനത്ത നിക്ഷേപം നടത്തിയിട്ടുണ്ട്. യു എസിലെ വീഥികളിൽ സ്വയം ഓടുന്ന കാറുകൾ പരീക്ഷണ ഓട്ടത്തിനെത്തിക്കാനും യൂബറിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കാർ നിർമാണ മേഖലയിൽ വൈദഗ്ധ്യമില്ലാത്തതിനാൽ ഈ രംഗത്തു കൂടുതൽ പുരോഗതി കൈവരിക്കാൻ യൂബറിന് മികച്ച പങ്കാളികളുടെ പിന്തുണ അനിവാര്യമാണ്.
സുരക്ഷിതവും മലിനീകരണവിമുക്തവും യാത്രാസൗകര്യമേറിയതുമായ നഗരങ്ങളുടെ സൃഷ്ടിക്ക് സ്വയം ഓടുന്ന കാർ സാങ്കേതികവിദ്യയ്ക്ക് വൻസംഭാവന നൽകാനാവുമെന്നു യൂബർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സഹ സ്ഥാപകനുമായ ട്രവെയ്സ് കലാനിക് കരുതുന്നു. ഭാവിയിലേക്കുള്ള ഈ പ്രയാണം യൂബറിന് ഒറ്റയ്്ക്കു സാക്ഷാത്കരിക്കാൻ കഴിയില്ല. അതിനാലാണ് ഡെയ്മ്ലറിനെ പോലുള്ള നിർമാതാക്കളുമായി പ്ലാറ്റ്ഫോം പങ്കിടാൻ യൂബർ തയാറാവുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വാണിജ്യാടിസ്ഥാനത്തിൽ സ്വയം ഓടുന്ന കാറുകൾ 2021ൽ വിൽപ്പനയ്്ക്കെത്തിക്കാൻ ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോ കാഴ്സുമായും യൂബർ സഹകരിക്കുന്നുണ്ട്.