സ്ഥാനമാനങ്ങൾക്കു പിന്നാലെ പായുന്നതും ലഭിച്ച പദവി നഷ്ടമാവാതിരിക്കാൻ ഏതറ്റംവരെ പോരാടുന്നതും പതിവു കാഴ്ചകളാണെന്നിരിക്കെ തന്റെ സേവന കാലാവധി നീട്ടരുതെന്ന് അഭ്യർഥിച്ച് ഡെയ്മ്‌ലർ ട്രക്സ് മേധാവി. ചീഫ് എക്സിക്യൂട്ടീവായ ഡീറ്റർ സെച്ചിന്റെ പിൻഗാമിയാവുമെന്നു പോലും കരുതിയിരുന്ന വുൾഫ്ഗാങ് ബെൺഹാഡാണു തന്റെ സേവന കാലാവധി ദീർഘിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം ജർമൻ മാസികയിൽ വന്ന വാർത്തയോടു പ്രതികരിക്കാൻ ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്‌ലർ ട്രക്സ് തയാറായിട്ടില്ല.
അടുത്ത ഫെബ്രുവരിയിലാണു ഡെയ്മ്‌ലർ ട്രക്സും ബെൺഹാഡുമായുള്ള കരാറിന്റെ കാലാവധി അവസാനിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം കരാർ ദീർഘിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാനിരിക്കെയാണ് അവസരം നൽകിയാലും കമ്പനിയിൽ തുടരാനില്ലെന്നു ബെൺഹാഡ് നിലപാട് വ്യക്തമാക്കിയതത്രെ. പ്രതിസന്ധിയിലായ കമ്പനികളുടെ പ്രവർത്തനം ലാഭത്തിലെത്തിക്കുന്നതിലുള്ള അസാമാന്യ വൈഭവമാണു ബെൺഹാഡിനെ ശ്രദ്ധേയനാക്കിയത്. വാഹന വ്യവസായ മേഖലയിൽ മികവു തെളിയിച്ച ബെൺഹാഡ് മെഴ്സീഡിസ് ബെൻസ് കാഴ്സ് മേധാവി സ്ഥാനവും ഫോക്സ്വാഗന്റെ പാസഞ്ചർ കാഴ്സ് ബിസിനസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവും വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സി ഇ ഒയായ സെച്ചിന്റെ കരാർ മൂന്നു വർഷത്തേക്കു ദീർഘിപ്പിച്ചതാണു കമ്പനിയോടു വിട പറയാൻ ബെൺഹാഡിനെ പ്രേരിപ്പച്ചതെന്നാണു സൂചന. ഈ നടപടിയോടെ 56 വയസ്സുള്ള ബെൺഹാഡ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പദത്തിലെത്താനുള്ള സാധ്യത മങ്ങിയിരുന്നു. 2019ൽ ഡെയ്മ്‌ലർ പുതിയ മേധാവിയെ തേടുമ്പോൾ ബെൺഹാഡിനു പ്രായം 60ന് അടുത്തെത്തുമെന്നതാണു പ്രശ്നം. പോരെങ്കിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്വീഡനിൽ നിന്നുള്ള ഓല കല്ലെനിയസി(46)ന് ഡെയ്മ്‌ലർ ഗവേഷണ, വികസന ചുമതലയുള്ള ബോർഡ് അംഗമായി സ്ഥാനക്കയറ്റവും നൽകിയിരുന്നു. ഇതോടെ സെച്ചിന്റെ സ്വാഭാവിക പിൻഗാമിയാവാൻ കല്ലെനിയസിനു സാധ്യതയേറിയെന്നും വിലയിരുത്തപ്പെടുന്നു.