മാരുതി ബ്രെസയെ തോൽപ്പിക്കാനാവില്ല മക്കളേ...

Maruti Brezza

ഇന്ത്യയിലേറ്റവും ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണു കോംപാക്റ്റ് എസ്‌ യു വി സെഗ്‌മെന്റ്. എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമായി വിപണിയിലെത്തുന്ന കോംപാക്റ്റ് എസ് യു വികൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

ഫോഡ് ഇക്കോസ്പോർട്ട്, ഹോണ്ട ഡ ബ്ല്യു ആർ–വി, നെക്സോൺ, ടി യു വി 300 തുടങ്ങിയ മികച്ച വാഹനങ്ങളുണ്ടെങ്കിലും വിപണിയിലെ താരം മാരുതി വിറ്റാര ബ്രെസ തന്നെ ആണെന്നു കഴിഞ്ഞ വർ‌ഷത്തെ വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നു.

കോംപാക്റ്റ് എസ്‌ യു വി സെഗ്‌മെന്റിന്റെ 45 ശതമാനവും ബ്രെസയുടെ കൈകളിൽ ഭദ്രമാണ്. കഴിഞ്ഞ വർഷം ഏകദേശം 140,945 ബ്രെസകളാണ് മാരുതി നിരത്തിലെത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഫോഡ് ഇക്കോസ്പോർട്ടിനെക്കാൾ ബഹുദൂരം മുന്നിലാണ് ബ്രെസ. 45,146 ഇക്കോസ്പോർട്ടുകളാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിയത്.

ഹോണ്ടയുടെ ഡബ്ല്യു ആർ വിയാണ് മൂന്നാം സ്ഥാനത്ത്. 40,124 യൂണിറ്റുകളാണ് ഹോണ്ട കഴിഞ്ഞ വർഷം വിറ്റത്. 27,724 യൂണിറ്റുകളുമായി ടിയുവി 300 നാലാം സ്ഥാനത്തും 26,604 യൂണിറ്റുകളുമായി മാരുതി എസ് ക്രോസ് അഞ്ചാം സ്ഥാനത്തുമുണ്ട്.