കാഴ്ചപ്പകിട്ടും എതിരാളികളെ കടത്തിവെട്ടുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമായി എത്തിയ നെക്സോൺ വിപണിയിൽ തരംഗമായി മുന്നേറുകയാണ്. കോംപാക്റ്റ് എസ് യു വി സെഗ്മെന്റിൽ ഏറ്റവും വിൽപ്പനയുള്ള രണ്ടാമത്തെ മോഡലായി മാറി നെക്സോൺ. 2017 ഡിസംബറിലെ കണക്കുകൾ പ്രകാരം 4028 യൂണിറ്റ് നെക്സോണുകളാണ് വിപണിയിലെത്തിയത്.
Tata Nexon | Test Drive Review | Malayalam | Manorama Online
ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്രെസയേക്കാൾ ബഹുദൂരം പിന്നിലാണെങ്കിലും ഡബ്ല്യു ആർ വി, ഇക്കോസ്പോർട്ട് തുടങ്ങിയ വാഹനങ്ങളെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തി നെകസോൺ. ഡബ്ല്യു ആർ വിയുടെ 3760 യൂണിറ്റുകളും ഇക്കോസ്പോർട്ടിന്റെ 1733 യൂണിറ്റുകളുമാണ് 2017 ഡിസംബറിൽ വിപണിയിലെത്തിയത്. പുറത്തിറങ്ങി ആദ്യ രണ്ടു മാസത്തിനിടെ നെക്സോണിന് ആറായിരത്തോളം യൂണിറ്റ് വിൽപ്പന ലഭിച്ചിരുന്നു.
കോംപാക്ട് എസ് യു വി വിപണിയിലെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വിലക്കുറവാണ് നെക്സോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫ്ളോട്ടിങ് ടച് സ്ക്രീൻ, റിയർ എയർ വെന്റ് തുടങ്ങിയ സൗകര്യങ്ങളൊക്കെ ഈ വാഹനത്തിലുണ്ട്. കൂടാതെ മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയവയും ‘നെക്സ’ന്റെ എല്ലാ വകഭേദങ്ങളിലുമുണ്ട്. പുത്തൻ രൂപകൽപ്പനാ സിദ്ധാന്തമായ ‘ഇംപാക്ടി’ൽ അധിഷ്ഠിതമായ നാലാമതു ടാറ്റ മോഡലായ ‘നെക്സൻ’ വ്യക്തിഗത ഉപയോക്താക്കളെയാണു ലക്ഷ്യമിടുന്നത്.
പുതിയ 1.5 ലീറ്റർ റെവൊടോർക് ഡീസൽ എൻജിൻ കരുത്തേകുന്ന ‘നെക്സ’ന് ലീറ്ററിന് 21.50 കിലോമീറ്ററാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനാവട്ടെ ലീറ്ററിന് 17 കിലോമീറ്റർ ഇന്ധനക്ഷമതും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു.