ചെറു കാറുകളുടെ വലുപ്പവും എസ്‌യുവികളുടെ രൂപ ഗുണവുമാണ് കോംപാക്റ്റ് എസ്‌യുവികളേയും ക്രോസ് ഹാച്ചുകളേയും വിപണിയിലെ താരങ്ങളാക്കി മാറ്റിയത്. വലിയ എസ്‌യുവികൾ മൈലേജിൽ പിന്നിൽ നിൽക്കുമ്പോൾ ഉയർന്ന മൈലേജും കോംപാക്റ്റുകൾക്ക് ഗുണമായി വന്നു. ഇന്ത്യൻ വിപണിയിലെ ഒട്ടുമിക്ക വാഹന നിർമാതാക്കള്‍ക്കും ഇന്ന് ഈ സെഗ്‍മെന്റിലുണ്ട്. ഏറെ ആരാധകരുള്ള സെഗ്‌മെന്റിലെ മൈലജ് രാജാക്കന്മാർ ഇവർ. ഡീസൽ വാഹനങ്ങളുടെ ഇന്ധനക്ഷമതയാണ് പരിഗണിച്ചിരിക്കുന്നത്.
ഹോണ്ട ഡബ്ല്യുആർ–വി 25.5 കി.മീ
ഹോണ്ടയുടെ ഏറ്റവും വിൽപ്പനയുള്ള ഹോണ്ടയുടെ വാഹനങ്ങളിലൊന്നാണ് ഡബ്ല്യുആർ–വി. ഹോണ്ടയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്ക് ജാസിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനം സെഗ്്മെന്റിലെ ഏറ്റവും സ്റ്റിലിഷായ വാഹനങ്ങളിലൊന്നാണ്. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ക്രോസ് ഹാച്ചായ ഡബ്ല്യു ആർ–വി കഴിഞ്ഞ മാർച്ചിലാണ് അരങ്ങേറ്റം കുറിച്ചത്. വിൻസം റൺഎബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വി. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ഡബ്ല്യു ആർ–വി’ വിൽപ്പനയ്ക്കുണ്ട്; 1.5 ലീറ്റർ ഡീസൽ, 1.2 ലീറ്റർ പെട്രോൾ എൻജിനുകളാണു ക്രോസ് ഹാച്ചിനു കരുത്തേകുന്നത്. 99 ബിഎച്ച്പി കരുത്തും 205 എൻഎം ടോർക്കുമുണ്ട് 1.5 ലീറ്റർ ഡീസൽ എൻജിന്. ഡീസൽ മോഡലിന് 25.5 കി.മീയുടെ പെട്രോൾ മോഡലിന് 17.5 കീ.മിയുമാണ് ഇന്ധനക്ഷമത.
വിറ്റാര ബ്രെസ– 24.3 കി.മീ
ഇക്കൊല്ലം നിരത്തിലെത്തിയ കാറുകളിൽ ഏറ്റവുമധികം വിൽപ്പന നേടിയ മോഡലുകളിലൊന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസ. അരങ്ങേറ്റം കുറിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന 10 കാറുകളിലൊന്നായി മാറാനും ‘വിറ്റാര ബ്രേസ’യ്ക്കു കഴിഞ്ഞിരുന്നു. നിലവിൽ 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കുള്ളത്; പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ധനക്ഷമത 24.3 കിലോമീറ്റർ.
ടാറ്റ നെക്സോൺ– 23.97 കി.മീ
കോംപാക്റ്റ് എസ്‍യുവി സെഗ്‍മെന്റിലെ താരമൂല്യമുള്ള മറ്റൊരു വാഹനമാണ് ടാറ്റ നെക്സോൺ. മികച്ച സ്റ്റൈലും സൗകര്യങ്ങളുമായി എത്തിയ നെക്സോൺ വിപണിയിൽ തരംഗം സൃഷ്ടിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘നെക്സോൺ’ വിൽപ്പനയ്ക്കുള്ളത്. ‘റെവോട്രോൺ’ ശ്രേണിയിൽ പുതിയ 1.2 ലീറ്റർ പെട്രോൾ എൻജിനും ‘റെവോടോർക്’ ശ്രേണിയിൽ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനും ഉയർന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവുമാണ് ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. നാലു സിലിണ്ടർ ഡീസൽ എൻജിന് 3,750 ആർ പി എമ്മിൽ 110 പി എസ് വരെ കരുത്തും 1,500 — 2,750 ആർ പി എം നിലവാരത്തിൽ 260 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആർ പി എമ്മിലെ 110 പി എസ് ആണ്. 2,000 — 4,000 ആർ പി എമ്മിലെ 170 എൻ എമ്മാണ് ഈ എൻജിന്റെ പരമാവധി ടോർക്. പെട്രോൾ എൻജിനു ലീറ്ററിന് 17.88 കിലോമീറ്ററും ഡീസൽ എൻജിന് 23.97 കിലോമീറ്ററുമാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
ഫോഡ് ഇക്കോസ്പോർട്– 23 കി.മീ
കോംപാക്റ്റ് എസ്‌യുവി വിപണിയില്‍ താരമാകാനാണ് അടിമുടി മാറ്റങ്ങളുമായി പുതിയ ഇക്കോസ്പോർടിലെ കഴിഞ്ഞ വർഷം പകുതിയോടെ കമ്പനി വിപണിയിലെത്തിച്ചത്. പുതിയ ഫീച്ചറുകളും പുതിയ എൻജിനുമായി എത്തിയ പുതു എസ് യു വി വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്ക്, 1.5 ലീറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് പുതിയ ഇക്കോസ്പോർട് വിപണിയിലെത്തിയത്. 1.5 ലീറ്റർ പെട്രോൾ എൻജിന് 123 പി എസ് വരെ കരുത്തും സൃഷ്ടിക്കാനാവും. പഴയ മോഡലിലെ 100 പിഎസ് കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിൻ നിലനിർത്തിയിരിക്കുന്നു. പെട്രോൾ മോഡലിന് ലീറ്ററിന് 17 കിലോമീറ്ററും പെട്രോൾ ഓട്ടമാറ്റിക്കിന് 14.8 കിലോമീറ്ററും ഡീസൽ മോഡലിന് 23 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.