വൈദ്യുത വാഹന(ഇ വി)ങ്ങളും പ്രകടനക്ഷമതയേറിയ മോഡലുകളും ആശയങ്ങളുമൊക്കെയാവും കമ്പനി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുകയെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി ഏഴിന് ഗ്രേറ്ററ് നോയ്ഡയിലാണ് തുടക്കമാവുക; 14 വരെയാണു പ്രദർശനം തുടരുക.
വൈദ്യുത വാഹന മേഖലയിലെ മേധാവിത്തം വെളിവാക്കാൻ ഉതകുന്ന ശ്രേണിയാവും ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുകയെന്നും റെനോ വ്യക്തമാക്കുന്നു. ഒപ്പം സാങ്കേതിക മേഖലയിലും പുതുമകളിലും കമ്പനിക്കുള്ള ആധിപത്യം വെളിവാക്കാൻ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന കാറും റെനോ ഇന്ത്യയിലെത്തിക്കും. ഇതോടൊപ്പം ഇന്ത്യയിൽ നിലവിലുള്ള മോഡൽ ശ്രേണിയും ഒട്ടേറെ പുതുമകളോടെ റെനോ പവലിയനിൽ അണിനിരത്തും.
കഴിഞ്ഞ വർഷം ഇന്ത്യയിൽ 50 പുതിയ ഡീലർഷിപ്പുകൾ തുറക്കാനായതു റെനോയ്ക്കു മികച്ച നേട്ടമായിരുന്നു. ഇതോടെ റെനോ ഇന്ത്യയുടെ മൊത്തം ഡീലർഷിപ്പുകളുടെ എണ്ണം 320 ആയി ഉയർന്നിട്ടുണ്ട്. വിപണന ശൃംഖല വിപുലീകരണത്തിൽ തകർപ്പൻ നേട്ടമാണു കൈവരിച്ചതെന്നാണു കമ്പനിയുടെ അവകാശാവാദം. 2011 മേയിൽ വെറും 14 ഡീലർഷിപ്പുകളാണു കമ്പനിക്കുണ്ടായിരുന്നത്. 2016 അവസാനിക്കുമ്പോഴേക്കാവട്ടെ ഇവയുടെ എണ്ണം 270 ആയി ഉയർന്നു.
ഇന്ത്യൻ വാഹന വ്യവസായ ചരിത്രത്തിലെ തന്നെ മികച്ച മുന്നേറ്റമാണ് ഡീലർഷിപ് ശൃംഖല വിപുലീകരണത്തിൽ കമ്പനി കൈവരിച്ചന്നും റെനോ വ്യക്തമാക്കുന്നു. ഒറ്റ വർഷത്തിനിടെ 50 പുതിയ ഡീലർഷിപ്പുകൾ തുറക്കുന്നത് ഇന്ത്യൻ വാഹനരംഗത്തെ അപൂർവ നേട്ടമാണത്രെ.